ഥേല്‍സ് എന്ന ഗ്രീക്ക് ഗണിതജ്ഞന്‍

>> Friday, June 26, 2009



ഗ്രീക്ക് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന 7 മഹര്‍ഷിമാരില്‍ പ്രഥമഗണനീയനാണ്‌ ഥേല്‍സ്. നമ്മുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സൈഡ് ബോക്സില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ദൂരെ കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു കപ്പല്‍, കരയില്‍ നിന്നും എത്ര അകലത്തിലാണ് എന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഗണിതതന്ത്രത്തെപ്പറ്റി പാഠപുസ്തകത്തിലെ 19-ം പേജില്‍ ചിത്രസഹിതം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചറിവുകള്‍ കൂടി...

ജീവിതകാലം

ജനനം ഏഷ്യാമൈനറിലുള്ള മിലേത്തൂസില്‍ ബി.സി.640നോടടുത്താണെന്ന്‌ കരുതപ്പെടുന്നു. വ്യാപാരിയായ പിതാവ് വാണിജ്യകാര്യങ്ങള്‍ക്കായി ചെയ്തിരുന്ന യാത്രകളാണത്രേ ഗ്രീക്ക് ജനത അമാനുഷികനായി കരുതി ആരാധിച്ചുപോരുന്ന ഇദ്ദേഹതെ സ്വാധീനിച്ചത്. ബി.സി.548നും 545നും ഇടയില്‍ നടന്ന 58ാം ഒളിമ്പിക് മത്സരം കാണാനായി യാത്ര തിരിച്ച ഇദ്ദേഹം പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ചരിത്രം

വഴിത്തിരിവ്
ജ്യോതിശ്ശാസ്ത്രത്തില്‍ അതീവതല്പരനായിരുന്ന ഇദ്ദെഹം മറ്റെല്ലാം മറന്ന് ദീര്‍ഘദൂരം സഞ്ചരിയ്ക്കുക പതിവായിരുന്നു. ഒരു ദിവസം രാത്രി ഇപ്രകാരം സഞ്ചരിയ്ക്കുന്ന സമയത്ത് വഴിയരികിലെ ഒരു പൊട്ടക്കിണറ്റില്‍ ഇദ്ദേഹം വീഴുകയുണ്ടായി. ഈ അപകടം കണ്ട് രക്ഷിയ്ക്കാന്‍ വന്ന വൃദ്ധയായ ഒരു സ്ത്രീ 'സ്വന്തം കാല്ക്കീഴില്‍ എന്താണെന്ന് ആദ്യം നോക്കണം,എന്നിട്ട് വേണം ആകാശത്തില് എന്തുണ്ടെന്നു പരിശോധിയ്ക്കാന്‍' എന്നൊരു ഉപദേശവും നല്കി. അന്നോളം സ്വപ്നജീവിയായിരുന്ന ഇദ്ദേഹം ശേഷം തികഞ്ഞ പ്രായോഗികബുദ്ധിയുള്ള ആളായി മാറി.

രസകരങ്ങളായ കഥകള്‍
കോവര്‍കഴുതകളുടെ ചുമലില്‍ ഉപ്പുംചാക്കുമേറ്റി നീങ്ങുന്ന ഒരു വര്‍ത്തകസംഘത്തോടൊപ്പം യാത്ര ചെയ്തിരുന്ന സമയം ഒരു പുഴ കടക്കേണ്ടി വന്നു. യാദൃശ്ചികമായി ഏതാനും കഴുതകള്‍ പുഴയുടെ അല്പം ആഴമേറിയ ഒരു കുഴിയിലേയ്ക്ക് വീണു. ഉപ്പ് കുറെ അലിഞ്ഞുപോയി ഭാരക്കുറവ് അനുഭവപ്പെട്ട കഴുതകളാകട്ടെ പിന്നീട് പുഴ കടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലം ചാക്ക് വെള്ളത്തില്‍ മുക്കുക പതിവാക്കി. കാര്യം മനസ്സിലായ ഥേല്‍സ് ഉപ്പിനു പകരം പഞ്ഞിക്കെട്ട് വെച്ചെന്നും ആണ് കഥ.

ബി.സി.585 മെയ് മാസം 28നു പൂര്‍ണ്ണചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ഇദ്ദേഹം പ്രവചിച്ചു. ഇത് സത്യമായിത്തീര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇദ്ദേഹത്തെ അമാനുഷികനായി കരുതാന്‍ തുടങ്ങി, ഋഷിവര്യനു തുല്യം കരുതി പൂജിച്ചു. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം ഒലിവുകൃഷിയ്ക്കു പറ്റിയ കാലാവസ്ഥയാണു അടുത്ത ഏതാനും വര്‍ഷങ്ങളില്‍ എന്ന് മുന്‍‌കൂട്ടിക്കണ്ട്, കൃഷിയില്‍ നഷ്ടം അനുഭവിയ്ക്കുന്ന കര്‍ഷകരില്‍ നിന്നും യന്ത്രങ്ങള്‍ തുച്ഛവിലയ്ക്കു വാങ്ങി അവസരം പരമാവധിചൂഷണം ചെയ്തുവത്രേ.

സംഭാവനകള്‍

* നിഴലിന്റെ നീളമളന്ന് പിരമിഡുകളുടെ ഉയരം കണക്കാന് സാധിയ്ക്കുമെന്ന് തെളിയിച്ചു.
* അനവതികോണ്‍ അളന്ന് അകലം കണക്കാക്കുന്ന രീതി ആവിഷ്ക്കരിച്ചു.
* തെളിവ് എന്ന ആശയം ക്ഷേത്രഗണിതത്തിനു നല്കി.
* അഭിഗൃഹീതങ്ങളുപയോഗിച്ച് യുക്തിവാദം കൊണ്ട് സിദ്ധാന്തങ്ങള്‍ തെളിയിയ്ക്കുന്ന രീതി ആരംഭിച്ചു
* ത്രികോണങ്ങളേയും വൃത്തങ്ങളേയും സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു

blog comments powered by Disqus