A Lion's contribution to a noble cause!

>> Monday, October 12, 2009


ക്ലാസ്സുമുറികളില്‍ നാം അധ്യാപകര്‍ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക കൂടിയാണല്ലോ, നമ്മുടെ പ്രഖ്യാപിത ലക്ഷ്യം.എന്നാല്‍, എട്ടാം ക്ലാസ്സിന്റെ ചുറ്റുവട്ടത്തേക്ക് അത് ഒതുങ്ങിപ്പോകുന്നതായി ചിലര്‍ക്ക് പരാതി!
ഒരു പടികൂടിക്കടന്ന് 'എന്താ, ബ്ലോഗ് ടീമംഗങ്ങള്‍ എട്ടില്‍ മാത്രമേ ക്ലാസ്സെടുക്കുന്നൊള്ളോ..?' എന്നു വരെ ചോദിച്ചു കളഞ്ഞൂ, ഒരധ്യാപകന്‍!

എട്ടാം ക്ലാസ്സില്‍ പുതിയ പാഠപുസ്തകമായതുകൊണ്ടാണ് അതിനു പ്രമുഖ്യം കൈവന്നതെന്ന സത്യം അറിയാത്തതു കൊണ്ടാവില്ല അദ്ദേഹമതു പറഞ്ഞത്.എന്തായാലും, ഇത്തവണ പത്താം ക്ലാസ്സിലെ ഒരു പ്രശ്നമാകട്ടെ, അല്ലേ?
നമ്മുടെ ബ്ലോഗില്‍ ഏറ്റവുമധികം കമന്റുകളിലൂടെ സുപരിചിതനായ, ബ്ലോഗ് ടീമംഗം വടകര അരിക്കുളം കെ.പി.എം.എസ്.എം.എച്ച്.എസിലെ എന്‍.എം. വിജയന്‍മാഷ്, ക്ലാസ്സില്‍ നേരിട്ട ഒരു ഗണിതപ്രശ്നത്തെ അവതരിപ്പിക്കുകയാണിവിടെ. “ A squirrels contribution to a noble cause” എന്നാണ് അദ്ദേഹമിതിന് അടിക്കുറിപ്പായി എഴുതിയയച്ചത്. വിജയന്‍മാഷോടൊപ്പം, അസീസ് മാഷും, ജോണ്‍ മാഷും മറ്റുള്ളവരും ചേര്‍ന്നു നടത്തുന്ന ബൌദ്ധികമായ ഗണിതവ്യായാമങ്ങള്‍ ഇതിനോടകം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.( രണ്ടു സിംഹങ്ങള്‍ ഒരേ മടയില്‍ വേണ്ടെന്നു വെച്ചിട്ടാണോ, വിജയന്‍ മാഷേ, നിങ്ങള്‍ അസീസ് മാഷെ ഖത്തറിലേക്ക് പറഞ്ഞയച്ചത്?)
പ്രശ്നം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ കേട്ടോളൂ.....

ഇന്ന്, ഒക്ടോബര്‍ 6, എന്റെ പത്താം ക്ലാസ്സില്‍ ഞാന്‍ പോളിനോമിയലുകളിലെ ഒരു സമവാക്യം നിര്‍ദ്ധാരണം ചെയ്യിക്കുകയായിരുന്നു.
ചോദ്യം ഇതായിരുന്നു,

(x+3)ഉം(x-3)ഉം 2x3+Px2+Qx+9 എന്ന പോളിനോമിയലിന്റെ രണ്ടു ഘടകങ്ങളായാല്‍ P,Q ഇവയുടെ വില കാണുക.

ഇംഗ്ലീഷിലായാല്‍,

If P and Q are two factors of the polynomial 2x3+Px2+Qx+9, find the values of P and Q.

ഉത്തരം എളുപ്പമാണല്ലോ?

P=-1,Q=-18

ഒരാളൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും ഉത്തരം കൃത്യം!
അമൃതാമോഹന്‍ ചെയ്തതെങ്ങിനെയെന്നല്ലേ?

P(3)=P(-3)

2(3)3+P(3)2+Q(3)+9=2(-3)3+P(-3)2+Q(-3)+9

54+9P+3Q+9=-54+9P-3Q+9

6Q=-108

Q=-18

ഇനി ഇതേ രീതിയില്‍ തന്നെ P യുടെ വില കാണാനായി ശ്രമം. (രണ്ടു വ്യത്യസ്ത സമവാക്യങ്ങളുപയോഗിച്ച് P യുടെ വില കാണുന്ന രീതി അവള്‍ക്കു വശമുണ്ട്.)

Q വിന്റെ വില കൊടുത്തപ്പോള്‍ 9P=9P എന്നാണ് കിട്ടിയത്!

ചുരുക്കത്തില്‍ , Pയുടെ വില കിട്ടിയില്ല!

ഇതേ രീതിയില്‍ ചെയ്ത് Pയുടെ വില കാണാന്‍ അമൃതയെ സഹായിക്കാമോ?

കഴിയില്ലെങ്കില്‍ കാരണമെന്ത്?

ഗണിതശാസ്ത്ര ക്വിസ് ചോദ്യപേപ്പര്‍ ഇതോടൊപ്പം

>> Sunday, October 11, 2009


ഗണിതശാസ്ത്രബ്ലോഗിനെപ്പറ്റി നിരവധി പേര്‍ പല സന്ദര്‍ഭങ്ങളിലായി വ്യത്യസ്തമായ ഒട്ടനവധി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ വന്ന വ്യത്യസ്തമായ ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയെ ഹഠദാകര്‍ഷിച്ചു. ആരാണാ വ്യക്തി എന്നു ചൂണ്ടിക്കാണിക്കാതെ അദ്ദേഹത്തിന്റെ കമന്റിന്റെ പ്രസക്തഭാഗത്തേക്ക് മാത്രം നമുക്കൊന്നു കണ്ണോടിക്കാം. എന്റെ ദിവസങ്ങള്‍ ഗണിത ബ്ലോഗില്‍ തുടങ്ങി ഗണിതബ്ലോഗില്‍ അവസാനിക്കുന്നുവെന്നാണദ്ദേഹം എഴുതിയത്. അതെ, അദ്ദേഹത്തിന്റെ വാക്കുകള്‍ നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ് എന്നു ഞങ്ങള്‍ക്കറിയാം. ‌എല്ലാ ദിവസവും അതിരാവിലെ ബ്ലോഗ് നോക്കി ഗണിതപ്രശ്നങ്ങള്‍ക്ക് ഉത്തരമോ സൂചനകളോ നല്‍കാന്‍ അദ്ദേഹവുമുണ്ടാകും. സ്ക്കൂള്‍ ടൈമിലും രാത്രി ഉറങ്ങുന്നതു വരെയും അദ്ദേഹം ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയാകും. ഇവിടെ ആ വ്യക്തിയുടെ പേര് സൂചിപ്പിക്കാത്തത് സമാനസ്വഭാവമുള്ള ഒട്ടനവധി അധ്യാപകര്‍ ബ്ലോഗിനൊപ്പമുണ്ട് എന്നുള്ളതു കൊണ്ടാണ്. അതു കൊണ്ട് തന്നെ ആ ഒരു കമന്റിലെ മറഞ്ഞിരിക്കുന്ന അഭിനന്ദനപ്പൂച്ചെണ്ടുകള്‍ എല്ലാ സജീവ വായനക്കാര്‍ക്കുമായി പങ്കുവെക്കുന്നു.

അഭിനന്ദനത്തോടൊപ്പം ഒട്ടനവധി രൂക്ഷ വിമര്‍ശനങ്ങളും നമ്മുടെ പല പോസ്റ്റുകള്‍ക്കുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് അവധി ദിവസങ്ങളിലാണ് സംവാദത്തിന് ചൂടേറുക. അക്കൂട്ടത്തില്‍ ഒരു രൂക്ഷവിമര്‍ശന-അഭിനന്ദനപ്രവാഹമുണ്ടായ ഒരു പോസ്റ്റിനെപ്പറ്റി ഇവിടെയൊന്ന് പരാമര്‍ശിക്കട്ടെ. നമ്മുടെ വായനക്കാരായ അധ്യാപകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസിലെ ഒരു ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ തയ്യാറാക്കി നമ്മുടെ ടീം ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത് . അത് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. കാരണം, നമ്മുടെ വായനക്കാര്‍ അത് കൃത്യമായി വായിച്ചു നോക്കിക്കൊണ്ടായിരിക്കുമല്ലോ നിഷ്പക്ഷവും സ്വതന്ത്രവുമായ അവരുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തിയത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരടക്കം നമ്മുടെ വായനക്കാരായുള്ളപ്പോള്‍ തീര്‍ച്ചയായും കമന്റുകളില്‍ അലയടിച്ച പ്രതിഷേധവും തലോടലുകളുമെല്ലാം അവരും കണ്ടിട്ടുണ്ടാകുമെന്നതില്‍ സംശയം വേണ്ട.

അതിന്റെ തുടര്‍ച്ചയെന്നോണമുള്ള ഒരു പോസ്റ്റാണ് ഇതും. കാരണം ഇന്നത്തെ ലേഖനത്തോടൊപ്പം ഒരു ഡൌണ്‍ലോഡ് കൂടിയുണ്ട്. വരാപ്പുഴയില്‍ നിന്നും പി.എ ജോണ്‍ മാഷ് തപാലില്‍ അയച്ചു തന്ന, ആലുവ വിദ്യാഭ്യാസ ജില്ലയ്ക്ക് വേണ്ടി തയ്യാറാക്കിയ ഹൈസ്ക്കൂള്‍ വിഭാഗം ഗണിതശാസ്ത്ര ക്വിസ് ആണത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അടുത്ത തിങ്കളാഴ്ച നല്‍കും. അറിയാമെങ്കില്‍ 25 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാം. അതുമല്ലെങ്കില്‍ ഇവിടെയും നമ്മുടെ ആശങ്കകളും പ്രതിഷേധങ്ങളും പങ്കുവെക്കാം. മനസ്സു തുറന്ന് അഭിപ്രായം വരട്ടെ. ഇവിടെ anonymous ആയോ സ്വന്തം പേരിലോ ആശങ്കകള്‍ പങ്കുവെക്കാം. ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു.

Click here to download a Math Quiz for HS

ഓര്‍ക്കുക, മുന്‍പ് ബ്ലോഗിനെപ്പറ്റി ഒന്നുമറിയാതിരുന്ന പല അധ്യാപകരും സ്ത്രീപുരുഷഭേദമന്യേ ഇന്ന് ബ്ലോഗിലെ കമന്റ് ബോക്സുകളില്‍ സ്വാഭിപ്രായം വാക്കുകളിലാക്കി വരച്ചു വെക്കുന്നവരാണ്. പോസ്റ്റുകള്‍ വായിക്കാന്‍ മാത്രമല്ല, കമന്റുകള്‍ വായിക്കാനും ആസ്വദിക്കാനും നമുക്ക് നല്ല വായനക്കാരുണ്ട്. ഇവിടെ കമന്റാന്‍ മംഗ്ലീഷും ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാം. അധ്യാപകര്‍ക്കിടയിലേക്ക് ഒരു സൌജന്യസേവനമായ ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഞങ്ങള്‍ കമന്‍റുകളെ കാണുന്നത്.

താഴെയുള്ള വെളുത്ത പ്രതലത്തില്‍ അഭിപ്രായം ടൈപ്പ് ചെയ്ത് Comment as എന്നതില്‍ നിന്നും Anonymous തെരഞ്ഞെടുത്ത് Publish ചെയ്യുകയേ വേണ്ടൂ. ഒന്നു ശ്രമിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റുകളും ചോദ്യപേപ്പറുകളും മറ്റും തയ്യാറാക്കി വായനക്കാര്‍ക്ക് എത്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. യാതൊരു പ്രതികരണവുമില്ലെങ്കില്‍ ഇതാര്‍ക്കു വേണ്ടി എന്ന ചിന്തയില്‍ ഇത്തരം ചോദ്യങ്ങള്‍ തയ്യാറാക്കാനും അവ ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ PDF ആക്കാനും മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് പ്രചോദനമുണ്ടാകുമോ? അതുകൊണ്ട് ജീവിതത്തില്‍ ഇന്നേ വരെ കമന്റാത്തവര്‍ക്കും ഇവിടെ മനസ്സു തുറന്ന് കമന്റാം. അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

പ്രശ്നം, പരിഹാരം !

>> Saturday, October 10, 2009


പ്രശ്നം
ഗ്നൂ-ലിനക്സിലെ വളരെ ആകര്‍ഷകങ്ങളായ പാക്കേജുകളിലൊന്നാണ് 'ടക്സ് പെയിന്റ്'.ചെറിയ കുട്ടികള്‍ക്കു വരെ അനായാസം കൈകാര്യം ചെയ്യാവുന്ന ഈ ആപ്ലിക്കേഷന്‍ സോഫ്റ്റ്​വെയര്‍ , സാധാരണഗതിയില്‍ ചെറിയ ഒരു വിന്റോ ആയാണ് തുറന്നുവരാറ്. ഇത് ഫുള്‍സ്ക്രീന്‍ ആക്കാന്‍ വഴിയുണ്ടോയെന്നന്വേഷിക്കുകയാണ് കൊടുങ്ങല്ലൂര്‍ അഴീക്കോട് നിന്നും സാബിര്‍, ജിനീഷ്, ഷഫീര്‍ തുടങ്ങിയ സുഹൃത്തുക്കള്‍.
കൂടാതെ, ടക്സ് പെയിന്റില്‍ വരച്ച ഒരു ചിത്രം, മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുന്നതെങ്ങിനെയെന്നറിയണം കുമരനെല്ലൂര്‍ നിന്നും അശോകന്‍ മാഷിന്....
പരിഹാരം
വളരെ എളുപ്പത്തില്‍ ഇത് രണ്ടും ശരിയാക്കാവുന്നതേയുള്ളൂ...!
1. ഫയല്‍ സിസ്റ്റത്തിലുള്ള 'etc' എന്ന ഫോള്‍ഡറിലെ 'tuxpaint' എന്ന സബ്ഫോള്‍ഡറിലുള്ള 'tuxpaint.conf'എന്ന ഫയല്‍ എഡിറ്റ് ചെയ്യണം.
ഇതിനായി, റൂട്ട് ടെര്‍മിനല്‍ തുറക്കുക.
gedit /etc/tuxpaint/tuxpaint.conf
എന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
തുറന്നു വന്ന ഫയലില്‍ # full screen=yesഎന്ന വരിയില്‍ നിന്നും # കളയുക.
സേവ് ചെയ്ത് വിന്റോ ക്ലോസ് ചെയ്യുക.
ഇത്രേ ഉള്ളൂ.......എന്താ, ഫുള്‍സ്ക്രീനായില്ലേ?

2. ടക്സ് പെയിന്റ് തുറന്ന് ഏതെങ്കിലും ചിത്രം വരച്ച് സേവ് ചെയ്യുക.
'ഹോം' ഫോള്‍ഡര്‍ തുറന്ന്, കീബോര്‍ഡിലെ 'Ctrl'കീ പ്രെസ്സ് ചെയ്ത് 'h' അടിക്കുക. (ഹിഡണ്‍ ഫോള്‍ഡറുകള്‍ കാണിക്കാന്‍ വേണ്ടിയാണിത്).
'.tuxpaint' എന്ന ഫോള്‍ഡര്‍ തുറന്ന് 'saved' എന്ന സബ്ഫോള്‍ഡര്‍ തുറന്നു നോക്കൂ...
ഇപ്പോള്‍ , സേവ് ചെയ്ത ചിത്രം കാണാമല്ലോ?
ഇനി കോപ്പി ചെയ്യുകയോ, പേസ്റ്റ് ചെയ്യുകയോ, എന്തുവേണേലും ആയിക്കോളൂ...!
ഒരു കാര്യം മറക്കണ്ട, Ctrlകീ പ്രെസ്സ് ചെയ്ത് h ഒന്നുകൂടി അടിച്ചോളൂ..(ഹിഡണ്‍ ഫോള്‍ഡറുകള്‍ ഹിഡ​ണായിത്തന്നെയിരിക്കട്ടെ!)

ഗണിതത്തേയും ഉള്‍പ്പെടുത്തേണ്ടതല്ലേ?

>> Friday, October 9, 2009


പൊതുവെ, ഒഴിവുദിനങ്ങളില്‍ നമ്മുടെ ബ്ലോഗ് സന്ദര്‍ശകരായ അധ്യാപകരുടെ എണ്ണം പകുതിയായി കുറയാറുണ്ട്. അധ്യാപകരില്‍ ഭൂരിഭാഗവും സ്കൂളില്‍ നിന്നാണ് സന്ദര്‍ശനമെന്നതാണ് കാരണം. എന്നാല്‍, ഗണിതാധ്യാപകരല്ലാത്ത ഒരു കൂട്ടം സന്ദര്‍ശകര്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടുതാനും..! സംവാദങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ക്കു വേണ്ടി ആഴ്ചയിലൊരു ദിവസം നമുക്ക് നീക്കിവെച്ചാലോ? ഇതാ പ്രതികരിച്ചാലും..!

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ നേടിയതായുള്ള ഫ്ലാഷ് ന്യൂസ് കണ്ടുകാണുമല്ലോ? ലോകത്തെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്‌കാരമാണ്‌ 10 മില്ല്യണ്‍ സ്വീഡന്‍ ക്രോണ അഥവാ 62.6 മില്ല്യണ്‍ ഇന്ത്യന്‍ രൂപ (2006-ലെ നോബല്‍ തുകയുടെ കണക്ക്‌. ഇത്‌ ഓരോ വര്‍ഷവും മാറിവരുന്നു) തുക വരുന്ന നോബല്‍ സമ്മാനം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലകളില്‍, ലോകത്ത്‌ മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നല്‍കുന്ന പുരസ്‌കാരമാണ്‌ നോബല്‍ സമ്മാനം.നോബല്‍ തന്റെ വില്‍പത്രത്തില്‍ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്‍പിക്കണമെന്ന് കൂടി ആഗ്രഹം എഴുതിവെച്ചിരുന്നു. അതിപ്രകാരമാണ്‌. ഭൗതികശാസ്‌ത്രം, രസതന്ത്രം - സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സ്‌ ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - കരോലിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഇന്‍ സ്‌റ്റോക്‌ക്‍ഹോം. സാഹിത്യം - സ്വീഡിഷ്‌ അക്കാദമി സമാധാനശ്രമങ്ങള്‍ക്കുള്ളത്‌ - നോര്‍വീജിയന്‍ പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ തന്നെയാണ്‌ ഇന്നും അതാത്‌ കാറ്റഗറിയിലുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതും. നോബല്‍ തന്റെ വില്‍പത്രത്തില്‍ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാര്‍ഷികവരുമാനത്തുകയാണ്‌ നോബല്‍ സമ്മാനത്തുകയായി വീതിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ, ഓരോ വര്‍ഷവും നോബല്‍ സമ്മാനത്തുകയില്‍ മാറ്റങ്ങള്‍ വരുന്നു. സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം, നോബലിന്റെ വില്‍പത്രത്തില്‍ പറഞ്ഞിട്ടില്ലായിരുന്നു. 1968-ല്‍ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിക്‍സ്ബാങ്ക്‌, അവരുടെ 300-ആം വാര്‍ഷികത്തില്‍ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരില്‍ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൂടി ചേര്‍ക്കുന്നു. സാമ്പത്തികശാസ്‌ത്രത്തിലെ നോബല്‍ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം കൂടി റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സില്‍ നിക്ഷിപ്‌തമാണ്‌. നോബല്‍ സമ്മാനത്തിനു വേണ്ടി സ്വയം നോമിനേഷനുകള്‍ നല്‍കുന്നത്‌ അനുവദനീയമല്ല.
നോബല്‍ സമ്മാനം നേടിയ ഭാരതീയര്‍
* 1913-ല്‍ സാഹിത്യത്തിനു സമ്മാനിതനായ രബീന്ദ്രനാഥ ടാഗോര്‍
* 1930-ല്‍ ഊര്‍ജ്ജതന്ത്രത്തിനു നോബല്‍ സമ്മാനം നേടിയ സി.വി. രാമന്‍
* 1968-ല്‍ ശാസ്ത്രത്തിനു നോബല്‍ സമ്മാനം പങ്കിട്ട ഹര്‍ഗോവിന്ദ് ഖുറാന
* 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മദര്‍ തെരേസ (യുഗോസ്ലാവിയയിലാണ്‌‍ ജനിച്ചതെങ്കിലും ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചു)
* 1983-ല്‍ ഊര്‍ജ്ജതന്ത്രത്തിനു തന്നെയുള്ള നോബല്‍ സമ്മാനം പങ്കിട്ട പ്രൊഫ.ചന്ദ്രശേഖര്‍

* 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ അമര്‍ത്യ സെന്‍

ഇതാ, ഇപ്പോള്‍ 2009 ല്‍, രസതന്ത്രത്തില്‍ ഭാരതീയനെന്നഭിമാനിക്കാവുന്ന വെങ്കടരാമന്‍ രാമകൃഷ്ണന്‍ !

2009-ലെ നോബല്‍ സമ്മാനങ്ങളുടെ പ്രഖ്യാപനം ഇതുവരെ.....
വൈദ്യശാസ്ത്രം
എലിസബത്ത് എച്ച്. ബ്ലാക്ക്ബേണ്‍, കരോള്‍ ഡബ്ല്യൂ. ഗ്രെയ്ഡര്‍, ജാക്ക്. ഡബ്ല്യൂ. സോസ്റ്റാക്ക് കോശത്തിനുള്ളില്‍ ജനിതകദ്രവ്യം സ്ഥിതിചെയ്യുന്ന ക്രോമസോമുകളുടെ പ്രവര്‍ത്തന രഹസ്യം കണ്ടെത്തിയതിന്‌.
ഭൗതികശാസ്ത്രം
ചാള്‍സ് കയോ, വില്ലാര്‍ഡ് ബോയില്‍, ജോര്‍ജ് സ്മിത്ത്
ആധുനിക കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കിയ ഫൈബര്‍ ഓപ്ടിക് കേബിളുകള്‍ വികസിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മുന്‍നിര്‍ത്തി ചാള്‍സ് കയോക്കും, ഡിജിറ്റല്‍ ക്യാമറകളുടെ മുഖ്യഭാഗമായി പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ഡ് കപ്പിള്‍ഡ് ഡിവൈസ് (സി.സി.ഡി) വികസിപ്പിച്ചതിനു ബോയിലിനും സ്മിത്തിനും.
രസതന്ത്രം
വെങ്കടരാമന്‍ രാമകൃഷ്ണന്‍, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ്
പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന റൈബോസോമുകളുടെ മാപ്പിങ് നിര്‍വഹിച്ചതിന്‌
സാഹിത്യം
ഹെര്‍ത് മുള്ളര്‍
സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് .
സമാധാനം
ബറാക്ക് ഒബാമ
അന്താരാഷ്ട്ര നയതന്ത്രജ്ഞതക്കും ജനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അസാധാരണ പരിശ്രമങ്ങള്‍ക്കാണ്‌ പുരസ്കാരം
സാമ്പത്തികശാസ്ത്രം
കാത്തിരിക്കുന്നു.......
ഈ ആഴ്ചയിലെ സംവാദ വിഷയം
എന്തേ ഗണിതത്തിനെ ലിസ്റ്റില്‍ നിന്നും നോബല്‍ ഒഴിവാക്കി? അതു ശരിയായോ? സാമ്പത്തിക ശാസ്ത്രത്തെ ഉള്‍പ്പെത്തിയ പോലെ, ഗണിതത്തേയും ഉള്‍പ്പെടുത്തേണ്ടതല്ലേ?
പ്രതികരിക്കുമല്ലോ?

പ്രശ്നം, പരിഹാരം!

>> Thursday, October 8, 2009


നമ്മുടെ സ്ക്കൂളുകളിലെ കമ്പ്യൂട്ടറുകളില്‍ ഐ.ടിഅറ്റ് സ്ക്കൂള്‍ ഗ്നു ലിനക്സാണല്ലോ ഓപ്പറേറ്റിങ് സിസ്റ്റം. 3.2 വേര്‍ഷനാണ് ഇപ്പോള്‍ നാം ഉപയോഗിച്ചു പോരുന്നത്. ഡെബിയന്‍ ലെനി അടിസ്ഥാനമായ 3.8.1 വേര്‍ഷനിലേക്ക് ചുവടുമാറാനൊരുങ്ങുകയാണ് ഐ.ടി@സ്ക്കൂള്‍. ഇതിന്റെ ഭാഗമായി ഒരു ഡി.വി.ഡി യില്‍ കൊള്ളുന്ന ഇന്‍സ്റ്റലേഷന്‍ സി.ഡി സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ നിന്നും ഇത് കോപ്പി ചെയ്തെടുക്കാം.

ഇനി വിഷയത്തിലേക്ക് കടക്കാം. റൂട്ട് പാസ്​വേഡ് മറന്നു പോയി, റൂട്ട് ആയി ലോഗിന്‍ ചെയ്യാനാകുന്നില്ല എന്ന പരാതിയുമായി പലരും ഞങ്ങളെ വിളിക്കാറുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരവുമായാണ് ഈ പോസ്റ്റിന്റെ വരവ്. റൂട്ട് പാസ്​വേഡ് തന്നെ നമുക്ക് മാറ്റിക്കളയാം. എന്താ റെഡിയല്ലേ? ഈ വിവരങ്ങള്‍ അയച്ചു തന്നത് എറണാകുളത്തെ പ്രമുഖ ലിനക്സ് - ഫോസ് കണ്‍സള്‍ട്ടന്റ് ആയ ശ്രീനാഥ്.

പ്രശ്നം

റൂട്ട് പാസ്​വേഡ് അറിയില്ല. അതു കൊണ്ടുതന്നെ റൂട്ടായി ലോഗിന്‍ ചെയ്യാനോ മറ്റ് പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കാനോ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ എങ്ങനെ റൂട്ട് പാസ്​വേഡ് മാറ്റാം?

പരിഹാരം
  1. സിസ്റ്റം ബൂട്ട് ചെയ്യുക.
  2. അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക
  3. തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക
  4. തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക
  5. അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക
  6. ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക
  7. അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.)
  8. പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും.
  9. അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
  10. സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്​വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

അടിക്കുറിപ്പ്: ഇന്റര്‍ നെറ്റും മറ്റുവര്‍ക്കുകളുമെല്ലാം ചെയ്യുമ്പോള്‍ കഴിവതും റൂട്ടായി ലോഗിന്‍ ചെയ്യാതെ യൂസര്‍ ആയി പ്രവേശിക്കുമല്ലോ. നാളിതുവരെ യാതൊരു പ്രശ്നങ്ങളും ലിനക്സ് യൂസേഴ്സിന് വന്നിട്ടില്ലെങ്കിലും ഒരു മുന്‍കരുതലിനാണിത്.

Click here to download the Screenshots

A സീരിസിലുള്ള പേപ്പറുകളുടെ കഥ

>> Wednesday, October 7, 2009

A4 വലിപ്പത്തിലുള്ള പേപ്പറിനെ നമുക്കേറെ പരിചയമുണ്ടാകുമല്ലോ. സാധാരണനിലയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാനുപയോഗിക്കുന്നത് A4 എന്നപേരിലറിയപ്പെടുന്ന ഈ പേപ്പറാണ്. പക്ഷെ നാമതിന്റെ പരപ്പളവിനെപ്പറ്റിയോ (Area)വശങ്ങള്‍ തമ്മിലുള്ള അനുപാതത്തെപ്പറ്റിയോ (Ratio)ഒരു പക്ഷെ ചിന്തിച്ചിട്ടു പോലുമുണ്ടാകണമെന്നില്ല. ഇതാ കേട്ടോളൂ, A4 വലിപ്പത്തിലുള്ള പേപ്പറിന്റെ പരപ്പളവ് അഥവാ വിസ്തീര്‍ണം 1/16 meter2 ആണ്. വശങ്ങളുടെ അനുപാതമാകട്ടെ 1 :√2 ഉം. കടലാസുകളുടെ വലിപ്പത്തെപ്പറ്റിയുള്ള ഒരു പഠനം നമ്മുടെ കുട്ടികള്‍ക്ക് അനുപാതത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്ന് തോന്നുന്നില്ല? ഇതിനെപ്പറ്റി വടകര കെ.പി.എസ്.എം.എച്ച്.എസിലെ N.M വിജയന്‍ മാഷ് എഴുതി അയച്ചു തന്ന ലേഖനത്തിലൂടെ നമുക്ക് കണ്ണോടിക്കാം.



A സീരിസ്, B സീരിസ്, C സീരിസ് എന്നിങ്ങനെ പേപ്പറുകള്‍ക്ക് പല അംഗീകൃതവലിപ്പങ്ങളുമുണ്ട്. ഇതില്‍ A സീരീസിനെക്കുറിച്ചാകാം ചര്‍ച്ച. മേല്‍പ്പറഞ്ഞ എല്ലാ സീരിസുകള്‍ക്കും രാജ്യാന്തരതലത്തില്‍ ഒരു ഏകമാനസ്വഭാവമുണ്ട്. A0,A1,A2,A3...A10 എന്നെല്ലാം അറിയപ്പെടുന്നത് ഇതില്‍ A സീരിസില്‍​പ്പെട്ട പേപ്പറുകളാണ്. മേല്‍പ്പറഞ്ഞ ഏകമാനം എന്നുദ്ദേശിച്ചത് മനസ്സിലായില്ലായെന്നുണ്ടോ? ഉദാഹരണം പറയാം. അതായത് ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന A4 സൈസ് പേപ്പറിനും അമേരിക്കയില്‍ നിന്നോ ദുബായിയില്‍ നിന്നോ വാങ്ങുന്ന A4 സൈസ് പേപ്പറിനും ഒരേ വലിപ്പമായിരിക്കും എന്നു സാരം.

A സീരിസില്‍​പ്പെട്ട പേപ്പറുകളുടെ വലിപ്പം ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള “A0” എന്ന പേരില്‍ അറിയപ്പെടുന്ന പേപ്പറിനെ ആധാരമാക്കിയാണ് പറയുന്നത്. A0 പേപ്പറിന്റെ നീളം 1189 മില്ലീമീറ്ററും വീതി 841 മില്ലീമീറ്ററുമാണ്. വിസ്തീര്‍ണം കണ്ടു പിടിച്ചു നോക്കൂ. ഉത്തരം ഏതാണ്ട് പത്തുലക്ഷം (1000000) ചതുരശ്രമില്ലീമീറ്ററിന് അടുത്തു വന്നില്ലേ? ഇതുതന്നെയല്ലേ ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം? വശങ്ങള്‍ തമ്മിലുള്ള അനുപാതം നോക്കൂ. 841 : 1189. ഇതിന്റെ ലഘുരൂപം 1 :√2 അല്ലേ?


A1 പേപ്പര്‍ എന്നത് A0 യുടെ നേര്‍പകുതി വിസ്തീര്‍ണമുള്ള പേപ്പറാണ്. അതായത് 500000 ചതുരശ്രമില്ലീമീറ്റര്‍. നീളവും വീതിയും തമ്മില്‍ ഗുണിച്ചു നോക്കൂ. 594*841 = 499554ചതുരശ്രമില്ലീമീറ്റര്‍. അല്ലേ? ഇവിടെയും വശങ്ങള്‍ തമ്മിലുള്ള അംശബന്ധം 1 : √2 എന്നത്
കൃത്യമായി പാലിക്കപ്പെട്ടിരിക്കും.

ചുരുക്കത്തില്‍ A1 ന്റെ പകുതിവിസ്തീര്‍ണമുള്ള പേപ്പറാണ് A2 എന്നും അതിന്റെ വിസ്തീര്‍ണത്തിന്റെ പകുതിയാണ് A3ക്കെന്നും അതിന്റെ പകുതിയാണ് A4 നെന്നും നമുക്ക് മനസ്സിലാക്കാം. ഒരു
പഠനപ്രവര്‍ത്തനമായിട്ടാണ് ഇത് ചെയ്യാനാഗ്രഹിക്കുന്നതെങ്കില്‍ A സീരിസിലെ A0 മുതല്‍ A10 വരെയുള്ള പേപ്പറുകള്‍ കുട്ടികള്‍ക്ക് നല്‍കി അവരെയത് സ്വയം ബോധ്യപ്പെടാന്‍ അനുവദിക്കാം. അതോടൊപ്പം A സീരിസിലെ ഏതു വലിപ്പത്തിലുള്ള പേപ്പറുകളുടെ വശങ്ങളുടെ അംശബന്ധം 1 : √2 ആയിരിക്കുമെന്ന് അവര്‍ കണ്ടെത്തട്ടെ.

താഴെ A സീരിസിലുള്ള പേപ്പറുകളുടെ നീളവും വീതിയും മില്ലീമീറ്ററില്‍ നല്‍കിയിരിക്കുന്നു.


ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം!

>> Tuesday, October 6, 2009


ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാനുപകരിക്കുന്ന ഗണിത-ഗണിതേതര പ്രവര്‍ത്തനങ്ങള്‍ നന്നായെന്ന് പറഞ്ഞു കൊണ്ട് കൊല്ലം ജില്ലയിലെ ഒരധ്യാപികയായ സോളി ജോസഫ് വിളിച്ചിരുന്നു. നന്ദി. ഇത്തരം അഭിപ്രായങ്ങള്‍ ലഭിക്കുന്നതിലൂടെ നിങ്ങളാവശ്യപ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മുടെ ബ്ലോഗ് ടീം ശ്രമിക്കും. ഗണിത ശാസ്ത്ര അധ്യാപകര്‍ മാത്രമല്ല നമ്മുടെ വായനക്കാര്‍ എനനതു കൊണ്ടു തന്നെ ഇതര വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ബ്ലോഗ് ടീം നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. അതു പോലെ തന്നെ നമ്മുടെ ഡൗണ്‍ലോഡ്സ് ലിങ്കില്‍ നിരവധി സ്ക്കോളര്‍ഷിപ്പുകളെപ്പറ്റി വിവരിക്കുന്ന രണ്ടു പി.ഡി.എഫ് ഫയലുകള്‍ ഇട്ടിട്ടുണ്ട്. അത് വായിച്ചു നോക്കി സമയാസമയങ്ങളില്‍ അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റൈഫന്റും വാങ്ങിക്കൊടുക്കാന്‍ ശ്രദ്ധിക്കുകയും വേണം.

മാത്തമാറ്റിക്സ് ഒളിമ്പ്യാഡിനെപ്പറ്റി മുന്‍പ് 2 ലേഖനങ്ങള്‍ ഇതേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. അന്നെല്ലാം നിരവധി അധ്യാപകര്‍ അത് ഉപകാരപ്പെട്ടു എന്നറിയിച്ചു കൊണ്ട് ഫോണില്‍ വിളിക്കുകയുണ്ടായി. നമ്മുടെ കുട്ടികളുടെ ബൗദ്ധിക നിലവാരം കണക്കുകൂട്ടുന്നതിനുമപ്പുറമാണെന്ന് നമുക്കറിയാമല്ലോ. ഈ വര്‍ഷമല്ലെങ്കിലും അടുത്ത വര്‍ഷങ്ങളിലെങ്കിലും ഗണിത ശാസ്ത്ര ഒളിമ്പ്യാഡിന് പങ്കെടുക്കാന്‍ നമ്മുടെ കുട്ടികളെ സജ്ജരാക്കാന്‍ ശ്രമിക്കുമല്ലോ. കുട്ടികള്‍ പ്രശസ്തരായാല്‍ അധ്യാപകന് അഭിമാനിക്കാമല്ലോ.

ഈ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപ്പത്രത്തിലെ എഡ്യൂക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന
സുനില്‍പ്രഭാകര്‍ സാറാണ്. അദ്ദേഹം കേരളത്തിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് മത്സരങ്ങളുടെ സംഘാടകനായ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ പ്രൊഫസറായ അമ്പാട്ട് വിജയകുമാര്‍ സാറുമായി പരിചയപ്പെടുത്തി ത്തരികയും അദ്ദേഹത്തില്‍ നിന്ന് ധാരാളം ചോദ്യപേപ്പറുകളും ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ ശേഖരിച്ചു തരികയും ചെയ്തു ഇവര്‍ രണ്ടു പേര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം നിങ്ങളുമായി പങ്കു വെക്കട്ടെ. ചിത്രത്തിലെ ത്രികോണത്തില്‍ BD=DC ആണ്. കോണ്‍ ADB=45 ഡിഗ്രിയും കോണ്‍ ACB = 30ഡിഗ്രിയും ആയാല്‍ കോണ്‍ BAD എത്രയായിരിക്കും?
ഉത്തരം mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, എറണാകുളം ജില്ല എന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ആയി അയക്കുകയും ചെയ്യാം. ശരിയുത്തരം അയച്ചവരുടെ പേരുകളോടൊപ്പം ഉത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കും