'മൂഡില്‍'

>> Monday, October 5, 2009


'മൂഡില്‍'അഥവാ'മോഡുലാര്‍ ഓബ്ജക്ട് -ഓറിയെന്റഡ് ഡൈനമിക് ലേണിങ് എന്‍വയേണ്‍മെന്റ് 'ഒരു സ്വതന്ത്ര ഓപണ്‍സോഴ്സ് ഇ-ലേണിങ് സോഫ്റ്റ്​വെയര്‍ പ്ലാറ്റ്ഫോമാണ്. 'കോഴ്സ് മാനേജ്മെന്റ് സിസ്റ്റം', 'ലേണിങ് മാനേജ്മെന്റ് സിസ്റ്റം', 'വിര്‍ച്വല്‍ ലേണിങ് എന്‍വയേണ്‍മെന്റ്' മുതലായ പേരുകളിലും ഇത് ഇന്ന് പ്രശസ്തമാണ്. അധ്യാപകരെ, വൈവിധ്യമായ ഓണ്‍ലൈന്‍ കോഴ്സുകള്‍ തയ്യാറാക്കാന്‍ സഹായിക്കുകയെന്നതാണ് മൂഡിലിന്റെ പ്രധാന ധര്‍മ്മം. ആസ്ട്രേലിയക്കാരനായ മാര്‍ട്ടിന്‍ ഡഗ്യമാസ് (Martin Dougiamas) ആണ് ഇത് വികസിപ്പിച്ചെടുത്തത്. ആസ്ത്രേലിയയിലെ പെര്‍ത്തിലുള്ള മൂഡില്‍ കമ്പനിയാണ് ഇതിന്റെ വികസനത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

ജെനറല്‍ പബ്ലിക് ലൈസന്‍സ് (GPL) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക്, അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള ധാരാളം പ്രോഗ്രാമര്‍മാരുടെ ശക്തമായ പിന്തുണയുണ്ട്. മൂഡിലിന്റെ അതിവേഗ വളര്‍ച്ചയുടേയും തല്‍ക്ഷണമുള്ള 'ബഗ് ഫിക്സിങ്' (Bug fixing)ന്റേയും കാരണവും മറ്റൊന്നല്ല തന്നെ! എന്തുകോണ്ട് ജി.പി.എല്‍ എന്ന ചോദ്യത്തിന് മാര്‍ട്ടിന്റെ മറുപടി ശ്രദ്ധിക്കുക. "വിവരങ്ങളുടെ സ്വതന്ത്ര വിനിമയത്തിന്റേയും അധ്യാപന ശാക്തീകരണത്തിന്റേയും പ്രാധാന്യത്തെക്കുറിച്ച് എനിക്ക് ശക്തമായ അവബോധമുണ്ടെന്നതിനാല്‍ , ഈ ആശയങ്ങളുടെ പ്രചാരണത്തില്‍ എനിക്ക് സ്വതന്ത്രസേഫ്റ്റ്വയര്‍ അല്ലാതെ മറ്റൊന്നും തന്നെ ചിന്തിക്കാനായില്ല!" പ്രൊപ്രൈറ്ററി സ്വഭാവം നിലനിര്‍ത്തിയിരുന്നെങ്കില്‍ ലഭിക്കാമായിരുന്ന അളവറ്റ സമ്പത്തിനെ ആദര്‍ശത്തിന്റെ വലംകാല്‍ കൊണ്ട് തട്ടിയെറിയാന്‍ ഇക്കാലത്തും ഇതുപോലുള്ളവര്‍ ഉണ്ടെന്നുള്ളത് ആശ്ചര്യം തന്നെ!

യുണീക്സ്, ലിനക്സ്, ഫ്രീ ബി.എസ്. ഡി, വിന്റോസ്, മാക് , നെറ്റ്​വെയര്‍ എന്നുവേണ്ടാ പി.എച്ച്.പി യും ഒരു ഡാറ്റാബേസും പിന്തുണക്കുന്ന ഏത് ഓപറേറ്റിംഗ് സിസ്റ്റത്തിലും മൂഡില്‍ പ്രവര്‍ത്തിക്കും- അതിനനുയോജ്യമായ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു മാത്രം. moodle.org എന്ന വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഏറ്റവും പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. മലയാളമടക്കം എഴുപത്തഞ്ചിലധികം ഭാഷകളെ ഇപ്പോള്‍തന്നെ മൂഡില്‍ പിന്തുണയ്ക്കുന്നുണ്ട്.
'യൂണിവേഴ്സിറ്റി ഓഫ് യോര്‍കി' ലെ ഗണിതവിഭാഗം ഇതിന്റെ അനന്തസാദ്ധ്യതകള്‍ വളരെ ഫലപ്രഥമായി ഉപയോഗപ്പെടുത്തിപ്പോരുന്നു.

കേരളത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. കാമ്പസിലുള്ള DOEACC എന്ന കേന്ദ്രസ്ഥാപനം ചുരുങ്ങിയ ഫീസോടെ മൂഡില്‍ അധിഷ്ടിത ഇ-ലേണിംഗ് കോഴ്സ് അധ്യാപകര്‍ക്കായി നടത്തുന്നുണ്ട്. മൂന്നുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ പത്തുദിവസം മാത്രം കാമ്പസിലും, ബാക്കി ഇന്റര്‍നെറ്റുവഴിയുമാണ് അധ്യാപനം. ഐ.ടി.@സ്കൂളിന്റെ സഹകരണത്തോടെ, തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രൈനര്‍മാര്‍ക്ക് ഇതിനോടകം സൌജന്യമായി മൂന്നോ നാലോ ബാച്ചുകളിലായി ട്രൈനിംഗ് നല്‍കപ്പെട്ടിട്ടുണ്ട്.

(കൂട്ടത്തില്‍ പറയട്ടെ, ഈ ബ്ളോഗ് ടീമിലെ ഹരിയ്ക്കും നിസാറിനും മാസ്റ്റര്‍ ട്രൈനര്‍മാര്‍ക്കൊപ്പം ഈ കോഴ്സ് ഉന്നതവിജയത്തോടെ പൂര്‍ത്തിയാക്കാനുള്ള മഹാഭാഗ്യം ലഭിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ ബ്ലോഗിന്റെ പിറവിക്കു കാരണമായ കൂട്ടായ്മ മൊട്ടിടുന്നതുതന്നെ കോഴിക്കോട് എന്‍.ഐ.ടി. കാമ്പസിലുള്ള DOEACC ഹോസ്റ്റലിലാണെന്നു പറയാം!)

blog comments powered by Disqus