എല്ലാ ദിവസവും പോസ്റ്റിങ്ങ്

>> Sunday, October 4, 2009


പ്രിയ അധ്യാപകസുഹൃത്തുക്കളേ, ഞങ്ങളുടെ അഭ്യുദയകാംക്ഷികളേ,

അവധി ദിവസങ്ങളില്‍ നിങ്ങള്‍ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടോയെന്ന ഒരു ചോദ്യത്തോടെ ഇന്നത്തെ ലേഖനം ആരംഭിക്കട്ടെ
. വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ മൂന്ന് അവധി ദിനങ്ങള്‍ കടന്നു പോയി. പക്ഷെ മാത്​സ് ബ്ലോഗിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവയൊന്നും ഒരു പ്രശ്നമായിരുന്നേയില്ല. നമ്മുടെ Downloads പേജ് നോക്കൂ. പത്തോളം പുതിയ ഡൌണ്‍ലോഡുകള്‍ നിങ്ങള്‍ക്കു കാണാം. ഹൈസ്ക്കൂള്‍ ടൈടേബിളും വെക്കേഷന്‍ ലീവ് സറണ്ടറും അടക്കം നിരവധി സുപ്രധാന വിവരങ്ങള്‍ ഈ പേജില്‍ സ്ഥാനം പിടിച്ചത് അവധി ദിവസങ്ങളിലായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമെല്ലാം ഡൌണ്‍ലോഡുകളില്‍ അപ്ഡേഷന്‍ നടന്നു. പലപ്പോഴും അധ്യാപകരുടെ അറിവിലേക്കു വേണ്ടിയുള്ള ഫ്ലാഷ് ന്യൂസുകള്‍ ഈ ദിവസങ്ങളിലും അവധിയില്ലാതെ മിന്നിമറയാറുണ്ട്. അതു കൊ​ണ്ട് അവധി ദിനങ്ങളാണെങ്കില്‍പ്പോലും ബ്ലോഗ് ടീം പ്രവര്‍ത്തനനിരതരായിരിക്കും. ഗവണ്‍മെന്റ് ഓര്‍ഡറുകളും സര്‍ക്കുലറുകളും ഞങ്ങള്‍ക്കയച്ചു തരുന്ന നിരവധി മാസ്റ്റര്‍ ട്രെയിനര്‍മാരുണ്ട്. ഡി.ഇ.ഒകളിലെ ഉദ്യോഗസ്ഥരുണ്ട്. സ്ക്കൂള്‍ അധ്യാപകരുണ്ട്. അവര്‍ക്കേവര്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഇക്കൂട്ടത്തില്‍ ഒരു അധ്യാപകനെ പ്രത്യേകം അനുമോദിക്കട്ടെ. ലീവ് സറണ്ടറുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് ഞങ്ങള്‍ക്കയച്ചു തന്നത് കോലഞ്ചേരിയിലെ ഒരു യു.പി. സ്ക്കൂള്‍ അധ്യാപകനായ രവി സാറാണ്. പല ഔദ്യോഗിക വെബ്സൈറ്റുകളിലും വരുന്ന സുപ്രധാന ഗവണ്‍മെന്റ് ഓര്‍ഡറുകളെപ്പറ്റി സമയാസമയങ്ങളില്‍ ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിപ്പോന്നിട്ടുള്ള അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത കണക്കിലെടുത്ത് ബ്ലോഗ് സപ്പോര്‍ട്ടിങ് ടീമിലെ അംഗമായി അദ്ദേഹത്തെ ഉള്‍പ്പെടുത്താനും ഞങ്ങള്‍ക്കാലോചനയുണ്ട്. രവി സാറിന് അനുമോദനങ്ങള്‍! മേല്‍ ഖണ്ഡികയില്‍ പറഞ്ഞ പോലെ പോസ്റ്റിങ്ങിന്റെ കാര്യത്തിലും ഞങ്ങള്‍ അവധി കൊടുക്കാറില്ല. വിവിധ വിഷയങ്ങളുമായി അവധി ദിവസങ്ങളിലും സജീവമായി ഞങ്ങള്‍ രംഗത്തുണ്ടാകും. പല ദിവസങ്ങളിലും ആയിരത്തിനു മേല്‍ സന്ദര്‍ശകര്‍ നമുക്കുണ്ടാകാറുണ്ടെങ്കിലും അധ്യാപകരുടെ ഭാഗത്തു നിന്നുള്ള കമന്റിങ്ങ് തുലോം കുറവാണെന്നുള്ളതാണ് വാസ്തവം.

ഓരോ പോസ്റ്റിനും താഴെയുള്ള കമന്റ് കോളങ്ങളില്‍ നടക്കുന്ന സജീവമായ ചര്‍ച്ചകള്‍ പലപ്പോഴും മാത്​സ് ബ്ലോഗിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വിട്ടകന്നു പോകാറുണ്ടെങ്കിലും അവ വിജ്ഞാനപ്രദവും രസകരവുമായതിനാല്‍ അവ ഞങ്ങളും നിങ്ങളും ആസ്വദിക്കാറുണ്ടെന്നു കരുതുന്നു. അവധി ദിനങ്ങളെ പലപ്പോഴും സജീവമാക്കിത്തീര്‍ക്കുന്നത് ഇത്തരം കമന്റുകളാണ്. സിംഹനീതി, വിദ്യാരംഭം, പൊട്ടക്കുടത്തിന് പൊട്ട് തുടങ്ങിയ പോസ്റ്റുകളോടൊപ്പമുള്ള കമന്റുകള്‍ വായിച്ചു നോക്കൂ. അതിലെ സജീവസാന്നിധ്യമായ സത്യാന്വേഷി ഞങ്ങളുടെ ഒരു വിലപ്പെട്ട ഫോളോവറാണ്. പോസ്റ്റിങ്ങിനിടയില്‍ സംഭവിക്കുന്ന ഭാഷാപരമായ പോരായ്മകള്‍ സമയോചിതമായി ചൂണ്ടിക്കാട്ടിയിട്ടുള്ള ആളാണ് അദ്ദേഹം. മാത്​സ് ബ്ലോഗ് ടീമിന് അദ്ദേഹത്തിന്റെ ശക്തമായ വിമര്‍ശനതൂലികാ സ്പര്‍ശം തുടര്‍ന്നും ആവശ്യമുണ്ട്. കാരണം വിമര്‍ശനങ്ങള്‍ പുരോഗതിയ്ക്കുള്ള ചവിട്ടുപടികളാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുപോലെ സുരേന്ദ്രന്‍ മാഷ്, വി.കെ ബാല, കാല്‍വിന്‍, സ്വതന്ത്രന്‍, ഉമേഷ്, വിനീതന്‍, ക്യാപ്റ്റന്‍ ഹാഡ്കോക്ക് തുടങ്ങിയ ഗണിതേതരമേഖലകളില്‍ ഞങ്ങള്‍ക്കൊപ്പം ചരിക്കുന്ന ബ്ലോഗ് ലോകത്തെ അറിയപ്പെടുന്ന ബ്ലോഗര്‍മാരും എന്നും ഞങ്ങളോടൊപ്പം ഈ-തൂലികയുമായി രംഗത്തുണ്ടാകുമെന്നു കരുതട്ടെ.

ഈ ആഴ്ചയോടെ അന്‍പതിനായിരം ബ്ലോഗ് ഹിറ്റുകള്‍ എന്ന സുന്ദരലക്ഷ്യത്തിലേക്ക് നമ്മുടെ ബ്ലോഗ് എത്തും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് ചെന്നെത്തുമ്പോഴേക്കും നമ്മുടെ ബ്ലോഗിന്റെ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം വരുത്താന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നല്ലോ. മാറ്റത്തിനു വേണ്ടിയുള്ള അക്ഷീണമായ പരീക്ഷണങ്ങളിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി ഞങ്ങളുടെ ടീം. അതിന്റെ അവസാനഘട്ടപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഈ പരിശ്രമങ്ങളില്‍ ആദ്യാവസാനം ഞങ്ങളോട് സഹകരിച്ച ബ്ലോഗ് ടീമംഗവും കൊച്ചിയിലെ പ്രമുഖ ലിനക്സ് പ്രോഗ്രമറും ഫോസ് കണ്‍സള്‍ട്ടന്റുമായ ശ്രീനാഥിന് നന്ദി പറയാന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നു. പുതിയ രൂപത്തില്‍ ബ്ലോഗ് നിങ്ങളിലേക്കെത്തുമ്പോള്‍ ഈ ടീമിലേക്ക് പുതുതായി കടന്നു വന്ന അംഗങ്ങളെ നിങ്ങള്‍ക്കു മുമ്പാകെ പരിചയപ്പെടുത്താനാകുമെന്ന് കരുതുന്നു. ബ്ലോഗ് സപ്പോര്‍ട്ടിങ് ടീമിലേക്ക് സഹകരണസന്നദ്ധതയുള്ള, വിവിധ ഡി.ഇ.ഒകളില്‍ നിന്നുള്ള തല്പരരായ അധ്യാപകര്‍ക്കും വിഷയഭേദമെന്യേ സ്വാഗതം. അവര്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് ഒഫീഷ്യല്‍ അഡ്രസും കോണ്‍ടാക്ട് നമ്പറും സഹിതം മെയില്‍ ചെയ്യുക. ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ താല്പര്യമുള്ള കേരളത്തിലെ ഏതൊരധ്യാപകനും എപ്പോഴും ഞങ്ങളുടെ ടീമിലേക്ക് സ്വാഗതം.

വടകരയില്‍ നിന്നും വിജയന്‍ സാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിന്റെ പൂമുഖത്തെപ്പറ്റിയുള്ള ഒരു ചോദ്യം ചോദിച്ചിരുന്നു. അതില്‍ Googlle എന്നാണ് കാണാന്‍ കഴിഞ്ഞിരുന്നത്. അതിന്റെ കാരണമെന്തെന്ന് അദ്ദേഹം ചോദിച്ചിരുന്നെങ്കിലും ആരും മറുപടി നല്‍കിയില്ല. ഉത്തരം മറ്റൊന്നുമല്ല. അന്ന് Google ന്റെ 11 -ം വാര്‍ഷികമായിരുന്നു. അതു ‌കൊണ്ടാണ് അവര്‍ കലാപരമായി Googlle എന്ന് എഴുതിയിരുന്നത്. അതോടൊപ്പം അദ്ദേഹം മറ്റൊരു ചോദ്യം കൂടി ചോദിച്ചിരുന്നു. a,e,i,o,u എന്നീ ഇംഗ്ലീഷ് സ്വരാക്ഷരങ്ങള്‍ ക്രമമായി വരുന്ന മൂന്ന് ഇംഗ്ലീഷ് വാക്കുകള്‍ പറയാമോ എന്നായിരുന്നു അത്. ഉത്തരങ്ങളറിയാവുന്നവര്‍ താഴെ കമന്റ് ചെയ്യുമല്ലോ. ഒഴിവുസമയങ്ങളില്‍ കുട്ടികളെ ഒന്ന് ചിന്തിപ്പിക്കാന്‍, അന്വേഷിപ്പിക്കാന്‍, അത്ഭുതപ്പെടുത്താന്‍ ഈ വാക്കുകള്‍ ഉപകരിച്ചേക്കും അല്ലേ. ഉത്തരങ്ങളറിയാന്‍ ഇടയ്ക്കിടെ ഈ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ നോക്കുമല്ലോ.

blog comments powered by Disqus