ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം!

>> Tuesday, October 6, 2009


ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാനുപകരിക്കുന്ന ഗണിത-ഗണിതേതര പ്രവര്‍ത്തനങ്ങള്‍ നന്നായെന്ന് പറഞ്ഞു കൊണ്ട് കൊല്ലം ജില്ലയിലെ ഒരധ്യാപികയായ സോളി ജോസഫ് വിളിച്ചിരുന്നു. നന്ദി. ഇത്തരം അഭിപ്രായങ്ങള്‍ ലഭിക്കുന്നതിലൂടെ നിങ്ങളാവശ്യപ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മുടെ ബ്ലോഗ് ടീം ശ്രമിക്കും. ഗണിത ശാസ്ത്ര അധ്യാപകര്‍ മാത്രമല്ല നമ്മുടെ വായനക്കാര്‍ എനനതു കൊണ്ടു തന്നെ ഇതര വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ബ്ലോഗ് ടീം നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. അതു പോലെ തന്നെ നമ്മുടെ ഡൗണ്‍ലോഡ്സ് ലിങ്കില്‍ നിരവധി സ്ക്കോളര്‍ഷിപ്പുകളെപ്പറ്റി വിവരിക്കുന്ന രണ്ടു പി.ഡി.എഫ് ഫയലുകള്‍ ഇട്ടിട്ടുണ്ട്. അത് വായിച്ചു നോക്കി സമയാസമയങ്ങളില്‍ അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റൈഫന്റും വാങ്ങിക്കൊടുക്കാന്‍ ശ്രദ്ധിക്കുകയും വേണം.

മാത്തമാറ്റിക്സ് ഒളിമ്പ്യാഡിനെപ്പറ്റി മുന്‍പ് 2 ലേഖനങ്ങള്‍ ഇതേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. അന്നെല്ലാം നിരവധി അധ്യാപകര്‍ അത് ഉപകാരപ്പെട്ടു എന്നറിയിച്ചു കൊണ്ട് ഫോണില്‍ വിളിക്കുകയുണ്ടായി. നമ്മുടെ കുട്ടികളുടെ ബൗദ്ധിക നിലവാരം കണക്കുകൂട്ടുന്നതിനുമപ്പുറമാണെന്ന് നമുക്കറിയാമല്ലോ. ഈ വര്‍ഷമല്ലെങ്കിലും അടുത്ത വര്‍ഷങ്ങളിലെങ്കിലും ഗണിത ശാസ്ത്ര ഒളിമ്പ്യാഡിന് പങ്കെടുക്കാന്‍ നമ്മുടെ കുട്ടികളെ സജ്ജരാക്കാന്‍ ശ്രമിക്കുമല്ലോ. കുട്ടികള്‍ പ്രശസ്തരായാല്‍ അധ്യാപകന് അഭിമാനിക്കാമല്ലോ.

ഈ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപ്പത്രത്തിലെ എഡ്യൂക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന
സുനില്‍പ്രഭാകര്‍ സാറാണ്. അദ്ദേഹം കേരളത്തിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് മത്സരങ്ങളുടെ സംഘാടകനായ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ പ്രൊഫസറായ അമ്പാട്ട് വിജയകുമാര്‍ സാറുമായി പരിചയപ്പെടുത്തി ത്തരികയും അദ്ദേഹത്തില്‍ നിന്ന് ധാരാളം ചോദ്യപേപ്പറുകളും ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ ശേഖരിച്ചു തരികയും ചെയ്തു ഇവര്‍ രണ്ടു പേര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം നിങ്ങളുമായി പങ്കു വെക്കട്ടെ. ചിത്രത്തിലെ ത്രികോണത്തില്‍ BD=DC ആണ്. കോണ്‍ ADB=45 ഡിഗ്രിയും കോണ്‍ ACB = 30ഡിഗ്രിയും ആയാല്‍ കോണ്‍ BAD എത്രയായിരിക്കും?
ഉത്തരം mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, എറണാകുളം ജില്ല എന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ആയി അയക്കുകയും ചെയ്യാം. ശരിയുത്തരം അയച്ചവരുടെ പേരുകളോടൊപ്പം ഉത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കും

blog comments powered by Disqus