Showing posts with label Maths Exams. Show all posts
Showing posts with label Maths Exams. Show all posts

ഗണിതശാസ്ത്ര ക്വിസ് ചോദ്യപേപ്പര്‍ ഇതോടൊപ്പം

>> Sunday, October 11, 2009


ഗണിതശാസ്ത്രബ്ലോഗിനെപ്പറ്റി നിരവധി പേര്‍ പല സന്ദര്‍ഭങ്ങളിലായി വ്യത്യസ്തമായ ഒട്ടനവധി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ വന്ന വ്യത്യസ്തമായ ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയെ ഹഠദാകര്‍ഷിച്ചു. ആരാണാ വ്യക്തി എന്നു ചൂണ്ടിക്കാണിക്കാതെ അദ്ദേഹത്തിന്റെ കമന്റിന്റെ പ്രസക്തഭാഗത്തേക്ക് മാത്രം നമുക്കൊന്നു കണ്ണോടിക്കാം. എന്റെ ദിവസങ്ങള്‍ ഗണിത ബ്ലോഗില്‍ തുടങ്ങി ഗണിതബ്ലോഗില്‍ അവസാനിക്കുന്നുവെന്നാണദ്ദേഹം എഴുതിയത്. അതെ, അദ്ദേഹത്തിന്റെ വാക്കുകള്‍ നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ് എന്നു ഞങ്ങള്‍ക്കറിയാം. ‌എല്ലാ ദിവസവും അതിരാവിലെ ബ്ലോഗ് നോക്കി ഗണിതപ്രശ്നങ്ങള്‍ക്ക് ഉത്തരമോ സൂചനകളോ നല്‍കാന്‍ അദ്ദേഹവുമുണ്ടാകും. സ്ക്കൂള്‍ ടൈമിലും രാത്രി ഉറങ്ങുന്നതു വരെയും അദ്ദേഹം ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയാകും. ഇവിടെ ആ വ്യക്തിയുടെ പേര് സൂചിപ്പിക്കാത്തത് സമാനസ്വഭാവമുള്ള ഒട്ടനവധി അധ്യാപകര്‍ ബ്ലോഗിനൊപ്പമുണ്ട് എന്നുള്ളതു കൊണ്ടാണ്. അതു കൊണ്ട് തന്നെ ആ ഒരു കമന്റിലെ മറഞ്ഞിരിക്കുന്ന അഭിനന്ദനപ്പൂച്ചെണ്ടുകള്‍ എല്ലാ സജീവ വായനക്കാര്‍ക്കുമായി പങ്കുവെക്കുന്നു.

അഭിനന്ദനത്തോടൊപ്പം ഒട്ടനവധി രൂക്ഷ വിമര്‍ശനങ്ങളും നമ്മുടെ പല പോസ്റ്റുകള്‍ക്കുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് അവധി ദിവസങ്ങളിലാണ് സംവാദത്തിന് ചൂടേറുക. അക്കൂട്ടത്തില്‍ ഒരു രൂക്ഷവിമര്‍ശന-അഭിനന്ദനപ്രവാഹമുണ്ടായ ഒരു പോസ്റ്റിനെപ്പറ്റി ഇവിടെയൊന്ന് പരാമര്‍ശിക്കട്ടെ. നമ്മുടെ വായനക്കാരായ അധ്യാപകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസിലെ ഒരു ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ തയ്യാറാക്കി നമ്മുടെ ടീം ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത് . അത് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. കാരണം, നമ്മുടെ വായനക്കാര്‍ അത് കൃത്യമായി വായിച്ചു നോക്കിക്കൊണ്ടായിരിക്കുമല്ലോ നിഷ്പക്ഷവും സ്വതന്ത്രവുമായ അവരുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തിയത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരടക്കം നമ്മുടെ വായനക്കാരായുള്ളപ്പോള്‍ തീര്‍ച്ചയായും കമന്റുകളില്‍ അലയടിച്ച പ്രതിഷേധവും തലോടലുകളുമെല്ലാം അവരും കണ്ടിട്ടുണ്ടാകുമെന്നതില്‍ സംശയം വേണ്ട.

അതിന്റെ തുടര്‍ച്ചയെന്നോണമുള്ള ഒരു പോസ്റ്റാണ് ഇതും. കാരണം ഇന്നത്തെ ലേഖനത്തോടൊപ്പം ഒരു ഡൌണ്‍ലോഡ് കൂടിയുണ്ട്. വരാപ്പുഴയില്‍ നിന്നും പി.എ ജോണ്‍ മാഷ് തപാലില്‍ അയച്ചു തന്ന, ആലുവ വിദ്യാഭ്യാസ ജില്ലയ്ക്ക് വേണ്ടി തയ്യാറാക്കിയ ഹൈസ്ക്കൂള്‍ വിഭാഗം ഗണിതശാസ്ത്ര ക്വിസ് ആണത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അടുത്ത തിങ്കളാഴ്ച നല്‍കും. അറിയാമെങ്കില്‍ 25 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാം. അതുമല്ലെങ്കില്‍ ഇവിടെയും നമ്മുടെ ആശങ്കകളും പ്രതിഷേധങ്ങളും പങ്കുവെക്കാം. മനസ്സു തുറന്ന് അഭിപ്രായം വരട്ടെ. ഇവിടെ anonymous ആയോ സ്വന്തം പേരിലോ ആശങ്കകള്‍ പങ്കുവെക്കാം. ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു.

Click here to download a Math Quiz for HS

ഓര്‍ക്കുക, മുന്‍പ് ബ്ലോഗിനെപ്പറ്റി ഒന്നുമറിയാതിരുന്ന പല അധ്യാപകരും സ്ത്രീപുരുഷഭേദമന്യേ ഇന്ന് ബ്ലോഗിലെ കമന്റ് ബോക്സുകളില്‍ സ്വാഭിപ്രായം വാക്കുകളിലാക്കി വരച്ചു വെക്കുന്നവരാണ്. പോസ്റ്റുകള്‍ വായിക്കാന്‍ മാത്രമല്ല, കമന്റുകള്‍ വായിക്കാനും ആസ്വദിക്കാനും നമുക്ക് നല്ല വായനക്കാരുണ്ട്. ഇവിടെ കമന്റാന്‍ മംഗ്ലീഷും ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാം. അധ്യാപകര്‍ക്കിടയിലേക്ക് ഒരു സൌജന്യസേവനമായ ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഞങ്ങള്‍ കമന്‍റുകളെ കാണുന്നത്.

താഴെയുള്ള വെളുത്ത പ്രതലത്തില്‍ അഭിപ്രായം ടൈപ്പ് ചെയ്ത് Comment as എന്നതില്‍ നിന്നും Anonymous തെരഞ്ഞെടുത്ത് Publish ചെയ്യുകയേ വേണ്ടൂ. ഒന്നു ശ്രമിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റുകളും ചോദ്യപേപ്പറുകളും മറ്റും തയ്യാറാക്കി വായനക്കാര്‍ക്ക് എത്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. യാതൊരു പ്രതികരണവുമില്ലെങ്കില്‍ ഇതാര്‍ക്കു വേണ്ടി എന്ന ചിന്തയില്‍ ഇത്തരം ചോദ്യങ്ങള്‍ തയ്യാറാക്കാനും അവ ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ PDF ആക്കാനും മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് പ്രചോദനമുണ്ടാകുമോ? അതുകൊണ്ട് ജീവിതത്തില്‍ ഇന്നേ വരെ കമന്റാത്തവര്‍ക്കും ഇവിടെ മനസ്സു തുറന്ന് കമന്റാം. അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം!

>> Tuesday, October 6, 2009


ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാനുപകരിക്കുന്ന ഗണിത-ഗണിതേതര പ്രവര്‍ത്തനങ്ങള്‍ നന്നായെന്ന് പറഞ്ഞു കൊണ്ട് കൊല്ലം ജില്ലയിലെ ഒരധ്യാപികയായ സോളി ജോസഫ് വിളിച്ചിരുന്നു. നന്ദി. ഇത്തരം അഭിപ്രായങ്ങള്‍ ലഭിക്കുന്നതിലൂടെ നിങ്ങളാവശ്യപ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മുടെ ബ്ലോഗ് ടീം ശ്രമിക്കും. ഗണിത ശാസ്ത്ര അധ്യാപകര്‍ മാത്രമല്ല നമ്മുടെ വായനക്കാര്‍ എനനതു കൊണ്ടു തന്നെ ഇതര വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ബ്ലോഗ് ടീം നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. അതു പോലെ തന്നെ നമ്മുടെ ഡൗണ്‍ലോഡ്സ് ലിങ്കില്‍ നിരവധി സ്ക്കോളര്‍ഷിപ്പുകളെപ്പറ്റി വിവരിക്കുന്ന രണ്ടു പി.ഡി.എഫ് ഫയലുകള്‍ ഇട്ടിട്ടുണ്ട്. അത് വായിച്ചു നോക്കി സമയാസമയങ്ങളില്‍ അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റൈഫന്റും വാങ്ങിക്കൊടുക്കാന്‍ ശ്രദ്ധിക്കുകയും വേണം.

മാത്തമാറ്റിക്സ് ഒളിമ്പ്യാഡിനെപ്പറ്റി മുന്‍പ് 2 ലേഖനങ്ങള്‍ ഇതേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. അന്നെല്ലാം നിരവധി അധ്യാപകര്‍ അത് ഉപകാരപ്പെട്ടു എന്നറിയിച്ചു കൊണ്ട് ഫോണില്‍ വിളിക്കുകയുണ്ടായി. നമ്മുടെ കുട്ടികളുടെ ബൗദ്ധിക നിലവാരം കണക്കുകൂട്ടുന്നതിനുമപ്പുറമാണെന്ന് നമുക്കറിയാമല്ലോ. ഈ വര്‍ഷമല്ലെങ്കിലും അടുത്ത വര്‍ഷങ്ങളിലെങ്കിലും ഗണിത ശാസ്ത്ര ഒളിമ്പ്യാഡിന് പങ്കെടുക്കാന്‍ നമ്മുടെ കുട്ടികളെ സജ്ജരാക്കാന്‍ ശ്രമിക്കുമല്ലോ. കുട്ടികള്‍ പ്രശസ്തരായാല്‍ അധ്യാപകന് അഭിമാനിക്കാമല്ലോ.

ഈ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപ്പത്രത്തിലെ എഡ്യൂക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന
സുനില്‍പ്രഭാകര്‍ സാറാണ്. അദ്ദേഹം കേരളത്തിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് മത്സരങ്ങളുടെ സംഘാടകനായ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ പ്രൊഫസറായ അമ്പാട്ട് വിജയകുമാര്‍ സാറുമായി പരിചയപ്പെടുത്തി ത്തരികയും അദ്ദേഹത്തില്‍ നിന്ന് ധാരാളം ചോദ്യപേപ്പറുകളും ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ ശേഖരിച്ചു തരികയും ചെയ്തു ഇവര്‍ രണ്ടു പേര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ചോദ്യപേപ്പറില്‍ കണ്ട ഒരു ചോദ്യം നിങ്ങളുമായി പങ്കു വെക്കട്ടെ. ചിത്രത്തിലെ ത്രികോണത്തില്‍ BD=DC ആണ്. കോണ്‍ ADB=45 ഡിഗ്രിയും കോണ്‍ ACB = 30ഡിഗ്രിയും ആയാല്‍ കോണ്‍ BAD എത്രയായിരിക്കും?
ഉത്തരം mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, എറണാകുളം ജില്ല എന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ആയി അയക്കുകയും ചെയ്യാം. ശരിയുത്തരം അയച്ചവരുടെ പേരുകളോടൊപ്പം ഉത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കും

ഒരു എട്ടാം ക്ളാസ്സ് ചോദ്യ പേപ്പര്‍ !

>> Thursday, September 24, 2009


പുതിയ കുപ്പായമിട്ട് പുതുമയോടെ നമുക്കു മുന്നിലെത്തിയ എട്ടാം തരം ഗണിതശാസ്ത്ര പുസ്തകം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു അവതരണരീതിയായിട്ടാണ് നമുക്ക് മുന്നിലെത്തിയത്. കാര്‍ട്ടൂണ്‍ ചിത്രങ്ങളും സൈഡ് ബോക്സില്‍ അധിക വിവരങ്ങളുമൊക്കെയായി എത്തിയ പാഠപുസ്തകത്തെ അടുത്തറിഞ്ഞപ്പോഴാണ് നിസ്സാരവല്കരിച്ചു കൊണ്ടുള്ള ഒരു സമീപനം വേണ്ട എന്നൊരു ഉള്‍വിളിയുണ്ടായത്. ഓണാവധി കഴിഞ്ഞു വന്നിട്ടും അംശബന്ധവും അനുപാതവും എടുത്തു തീരാതിരുന്ന അധ്യാപകര്‍ നമുക്കിടയിലുണ്ട്. ഇതൊരിക്കലും ഒരു തെറ്റല്ല. ആത്മാര്‍ത്ഥതയുടെ പരകോടിയില്‍, പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ലെന്ന് തോന്നിച്ചത് അധ്യാപനം കേവലം പരീക്ഷാകേന്ദ്രീകൃതം മാത്രമല്ല എന്ന ബോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടു മാത്രം. ഇവിടെ അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.


എന്നാല്‍ വിദ്യാഭ്യാസത്തില്‍ പരീക്ഷകള്‍ക്കു പ്രാധാന്യമില്ലേ? തീര്‍ച്ചയായും കുട്ടിയെ വിലയിരുത്താനുള്ള എളുപ്പവഴിയായിത്തന്നെ, ഒരു വന്‍മതില്‍ പോലെ ഇന്നും പരീക്ഷകള്‍ നിലകൊള്ളുന്നു. എല്ലാവരുടേയും മനസ്സിലെ ഒരാശങ്കയാണ് എപ്രകാരമായിരിക്കും പുതിയ ചോദ്യപേപ്പറിന്റെ വരവെന്നത്. അതു കൊണ്ട് തന്നെയാണ് ഇന്ന് ബ്ലോഗ് ടീമിന്റെ ഭാഗമായി മാറിയ വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനായ ജോണ്‍ സാറിനെക്കൊണ്ട് ഒരു ചോദ്യ പേപ്പര്‍ തയ്യാറാക്കിച്ചത്. സംസ്ഥാന സിലബസില്‍ നിരവധി ചോദ്യപേപ്പറുകള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ചോദ്യകര്‍ത്താവ്. അദ്ദേഹത്തിന് നന്ദി പറയുന്നതോടൊപ്പം ഈ ചോദ്യ പേപ്പര്‍ വായിച്ചു നോക്കി അഭിപ്രായങ്ങള്‍ നല്‍കിയ കോഴിക്കോട് കുളത്തുവയലിലെ വി.ടി തോമസ് സാര്‍, തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ അധ്യാപികയായ ഭാമ രാജന്‍, വടകരയിലെ എന്‍.എം വിജയന്‍ സാര്‍, തിരുവനന്തപുരത്തെ നസീര്‍ സാര്‍ എന്നിവര്‍ക്കും മനസ്സു തുറന്ന് നന്ദി പറയട്ടെ.


മുന്‍കൂറായി ഒരു ജാമ്യം എടുത്തു കൊള്ളട്ടെ. ഇത്തരത്തില്‍ത്തന്നെയായിരിക്കും എട്ടാം ക്ലാസിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ചോദ്യം വരികയെന്ന് ഒരു ധാരണ ഒരിക്കലും ഉള്ളില്‍ വെക്കരുതേ. ഒരുപക്ഷേ ഇതുമായ ബന്ധമില്ലാത്ത വിധത്തില്‍ ഇതിനോട് ഒട്ടും ബന്ധമില്ലാത്ത തരത്തിലായിരിക്കാം യഥാര്‍ത്ഥ പരീക്ഷാ പേപ്പര്‍. ഈ ചോദ്യ പേപ്പര്‍ ജോണ്‍ സാറിന്റെ സങ്കല്പത്തിലുള്ള ഒന്നു മാത്രമാണ്. ഇതെന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെങ്കില്‍ അറിയിക്കുക. നമ്മുടെ ആശങ്കകളെപ്പറ്റി, പ്രതീക്ഷകളെപ്പറ്റിയെല്ലാം കമന്റ് ചെയ്യാം. എന്തായാലും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് പാഠപുസ്തക ശില്പശാലയിലും ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിലുമൊക്കെ പങ്കെടുക്കുന്ന കുറേ പേരെങ്കിലും നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരാണ്. അവരെല്ലാം നമ്മുടെ കമന്റുകളെ, അഭിപ്രായങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നതില്‍ സംശയമേ വേണ്ട. അതു കൊണ്ട് അഭിപ്രായങ്ങള്‍ വരട്ടെ.



Click here to download the Std VIII Maths Question Paper

Mathematics Olympiad- 2009

>> Wednesday, September 9, 2009



ന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു ഗണിതാഭിരുചി പരീക്ഷയാണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത്. ഇന്ത്യയില്‍ 1988 മുതല്‍ എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാതമാററിക്സ് (NBHM)ആണ്. മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്

കൊച്ചി സര്‍വകലാശാല മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിക്കുന്ന ഗണിതശാസ്ത്രഒളിമ്പ്യാഡ് ഈ വര്‍ഷം നവംബര്‍ 29 ന് നടക്കും. തിരുവനന്തപുരം, കൊല്ലം, അടൂര്‍, ആലപ്പുഴ, കോട്ടയം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാവുന്നതാണ് ഈ അന്തര്‍​ദ്ദേശീയ പരീക്ഷ. പരീക്ഷയ്ക്ക് പ്രത്യേക അപേക്ഷാ ഫോമില്ല. പേര്, ക്ലാസ്, മേല്‍വിലാസം, പരീക്ഷാകേന്ദ്രം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, 30രൂപ ഫീസ് എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷ അയക്കാം. ഒക്ടോബര്‍ 15 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച 10X8 വലിപ്പമുള്ള കവര്‍ അയക്കണം.

അപേക്ഷകള്‍ അയക്കേണ്ട വിലാസം :
ഡോ.എ.വിജയകുമാര്‍,
മേഖലാ കോ-ഓഡിനേറ്റര്‍,
ഗണിതശാസ്ത്രവകുപ്പ്,
കൊച്ചി സര്‍വകലാശാല,
കൊച്ചി-682022
e-mail ambatvijay@rediffmail.com

ഈ ബ്ലോഗില്‍ 2009 ആഗസ്റ്റ് 13 നു പ്രസിദ്ധീകരിച്ച ഗണിതശാസ്ത്ര ഒളിമ്പ്യാഡിനെപ്പറ്റിയുള്ള ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക