ഓണസദ്യയുടെ 'ഗണിത' ശാസ്ത്രം..!

>> Tuesday, September 1, 2009



ഇന്ന് മലയാളിയുടെ മഹോത്സവം.....
തിരുവോണം.

സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ഒരു നാടിന് കൊട്ടിപ്പാടാന്‍ വേണ്ടി പ്രകൃതി പോലും പൂത്തൊരുങ്ങി നില്‍ക്കുന്ന കാലം. കര്‍ക്കിടകത്തിന്റെ പഞ്ഞപ്പരപ്പുകളില്‍ നിന്നും കൊയ്ത്തു പാടത്തേക്കിറങ്ങി വിളവെടുപ്പിന്റെ സന്തോഷത്തിമിര്‍പ്പില്‍ ഒരു നാട് ഒന്നടങ്കം കൈകൊട്ടിത്തിമിര്‍ത്തിരുന്ന മലയാളിയുടെ സ്വന്തം ഉത്സവം... കിഴക്കേ മാനത്ത് അരുണ കിരണങ്ങളൊളി വിതറുമ്പോഴേക്കും ആ മഹാരഥന്റെ ആഗമനത്തെ വരവേല്‍ക്കാനെന്ന വണ്ണം പൂവിളികളും പൂവട്ടിയുമായി കുട്ടിക്കൂട്ടങ്ങള്‍ ഇറങ്ങിയിട്ടുണ്ടാകും. ഇന്നാകട്ടെ ചെന്തമിഴന്റെ പൂവും കാത്ത് പൂക്കടകളില്‍ നിരനില്‍ക്കാന്‍ മടിയില്ലാത്തവനായി മലയാളി മാറി. പൂക്കിറ്റുകള്‍ കുട്ടിയുടെ കൈയ്യിലേക്ക് കൈമാറുമ്പോള്‍ തന്റെ ഉത്തരവാദിത്വം കൃത്യമായി ചെയ്തുവെന്ന അഭിമാനവിജൃംഭിതമായ ഒരു ഭാവം അവന്റെ മുഖത്ത് പരന്നിരിക്കും.

മാറ്റം പൂക്കളില്‍ മാത്രമല്ല, അരിയും പച്ചക്കറിയും എന്നു വേണ്ട സദ്യയുണ്ണാനാവശ്യമായ ഇലവരെ ഇന്ന് തമിഴ് നാട്ടില്‍ നിന്ന് വരണം. പണ്ട് ഓരോ പ്രദേശത്തേയും മണ്ണിനിണങ്ങുന്ന പച്ചക്കറികള്‍ നട്ടു പിടിപ്പിച്ച് അവ തൂശനിലയില്‍ കറികളായി മാറുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഉപ്പും മധുരവും എരിവും പുളിയും ചവര്‍പ്പും കയ്പും തുടങ്ങി നവരസസമ്പന്നമായ ഒരു സദ്യ മനുഷ്യന് ദിവസം മുഴുവന്‍ ഊര്‍ജ്ജം പകര്‍ന്നു തരുമെന്നതില്‍ സംശയമേ വേണ്ട. പക്ഷെ നമുക്കു യോജിക്കാത്ത ഭക്ഷണക്രമങ്ങള്‍ക്കു പിന്നാലേ പോയി മനുഷ്യന് ഇന്നില്ലാത്ത രോഗങ്ങളില്ല. കൊളസ്ട്രോളും പ്രമേഹവും എന്നു വേണ്ട "കാറ്റും പെശറും" അടക്കം അവന്‍ വലയുകയാണ്. തുടര്‍ന്നങ്ങോട്ട് പഥ്യങ്ങളുടെ കാലമാണ്.

ഭക്ഷണശീലങ്ങള്‍ക്കു മാത്രമല്ല, ഭക്ഷണം വിളമ്പുന്നതിനു പോലുമുണ്ട് നിര്‍ദ്ദിഷ്ടരീതി. തൂശനിലയുടെ വെട്ടിയ ഭാഗം ഭക്ഷണം കഴിക്കാനിരിക്കുന്നയാളിന്റെ വലതു ഭാഗത്താണ് വരേണ്ടത്. ആളിരുന്ന ശേഷമേ വിളമ്പിത്തുടങ്ങാവൂ എന്നാണ് പഴമുറക്കാര്‍ പറയുക. ഇലയുടെ നടുത്തണ്ടിനു മുകളിലാണ് കറികളുടെ സ്ഥാനം. വിളമ്പല്‍ രീതി ഭക്ഷണം കഴിക്കാനിരിക്കുന്നയാള്‍ കാണുന്ന ക്രമത്തില്‍ വിശദീകരിക്കാം. ഇലയില്‍ ഏറ്റവും ഇടതുവശത്തായി ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. തുടര്‍ന്ന് ശര്‍ക്കര ഉപ്പേരി, കായവറുത്തത് എന്നിവ വിളമ്പണം. അതിനു താഴെയായി പപ്പടവും വെക്കാം. "ഖരപദാര്‍ത്ഥങ്ങളില്‍ നിന്ന് ദ്രവരൂപത്തിലേക്ക് " ഇതാണ് വിളമ്പലില്‍ സാധാരണ അനുവര്‍ത്തിക്കുന്ന രീതി. തുടര്‍ന്ന് തോരന്‍, അവിയല്‍, ഇഞ്ചിക്കറി, അച്ചാര്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി എന്നിങ്ങനെ വിളമ്പാം. ഇലയുടെ നടുത്തണ്ടിനു കീഴെയായി വേണം ചോറു വിളമ്പാന്‍. ചോറിന്റെ വലത് ഭാഗത്തായി അല്പം പരിപ്പും അതിന്മേല്‍ രണ്ടുമൂന്നു തുള്ളി നെയ്യും വിളമ്പുന്നതോടെ ഭക്ഷണം കഴിച്ചു തുടങ്ങാനുള്ള സിഗ്നലായി.

ഇതുകൂട്ടി രണ്ടു മൂന്നുരുള കഴിച്ചു കഴിയുമ്പോഴേക്കും സാമ്പാര്‍ വിളമ്പാനൊരുങ്ങണം. ഓരോ ഉരുളക്കൊപ്പവും തൊടുകറികള്‍ കൂട്ടണം. അച്ചാറും ഇഞ്ചിക്കറിയുമെല്ലാം ഇടക്കിടെ തൊട്ട് നാവിന് രുചിഭേദം പകരാം. തുടര്‍ന്ന് എരിശ്ശേരി, രസം, മോര് ഇവയും ഒഴിച്ചുകറികളായി വിളമ്പാവുന്നതേയുള്ളു. വയറൊരു മുക്കാല്‍ ഭാഗം നിറഞ്ഞെന്നു തോന്നിയോ? ഇനി പപ്പടം പൊടിച്ചു വെച്ച് പായസത്തിന് കൈകാട്ടിത്തുടങ്ങാം. അതിനു ശേഷം പഴം ചാലിച്ച് ആസ്വദിച്ചു തന്നെ വീണ്ടും പായസം കഴിക്കാം. മട്ടിപ്പ് തോന്നുന്നുവെങ്കില്‍ അല്പം അച്ചാറ് നാവില്‍ തൊട്ടു കൊടുക്കാം. ഒടുവില്‍ ഇല മടക്കിയ ശേഷം പച്ചമുളകും വേപ്പിലയും ഇഞ്ചിയും ഉപ്പുമൊക്കെയിട്ട ഒരു ഗ്ലാസ് മോരു കൂടി കഴിച്ചാല്‍ സദ്യ കെങ്കേമമായി. ഇനി എവിടെപ്പോയാലും ഭക്ഷണം കഴിക്കുമ്പോള്‍ ഈ രീതി അനുവര്‍ത്തിച്ചില്ലെങ്കിലും അന്നവിചാരത്തിന് മുന്നില്‍ മുന്നവിചാരമായിട്ടെങ്കിലും ഈ രീതികള്‍ ഓര്‍ത്തിരിക്കണം.

ആശംസകളും അഭിപ്രായങ്ങളും കമന്റില്‍ രേഖപ്പെടുത്തുമല്ലോ....

ഓണാശംസകളോടെ
Maths Blog Team

blog comments powered by Disqus