സിംഹനീതി!

>> Saturday, September 19, 2009


ആര്യഭടന്റേയും ഭാസ്കരന്റേയും പിന്മുറക്കാരായ, നാം മലയാളികളുടെ ഗണിതവിജ്ഞാനത്തെക്കുറിച്ചുള്ള രസകരമായ ഒരു കഥയുമായാണ് ഇത്തവണ പള്ളിയറ ശ്രീധരന്‍ സാര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മറ്റും പഴയതാളുകളില്‍ (Old Posts) നിന്നും വായിക്കുക. ഗണിതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മനുഷ്യന്റെ ആവനാഴിയില്‍ നിന്നും ഇനിയും ഒരുപാട് ഗണിതവിസ്മയങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.അദ്ദേഹത്തിന്റെ വെബ്സൈറ്റ് http://www.palliyarasreedharan.com/ഇമെയില്‍ palliyarasreedharan@yahoo.co.in
കഥയിലേക്ക്....

സിംഹവും ആനയും കരടിയുമൊക്കെ സ്വൈര്യവിഹാരം നടത്തുന്ന ഒരു ഘോരവനത്തിലൂടെ യാത്രചെയ്യുകയായിരുന്നു മുപ്പതുപേരടങ്ങുന്ന ഒരു സംഘം. ഇവരുടെ മുമ്പിലേക്ക് വിശന്നുവലഞ്ഞ ഒരു സിംഹം ചാടിവീണു.ഓരോ ദിവസവും ഓരോരുത്തരെ ഭക്ഷിക്കുന്ന പതിവുകാരനാണ് മൃഗരാജനായ നമ്മുടെ നായകന്‍. പതിനഞ്ചുദിവസമായി പട്ടിണിയിലായിരുന്ന മൂപ്പര്‍ക്ക് അപ്പോള്‍തന്നെ കുടിശ്ശിക തീര്‍ക്കണം!
മുപ്പതുപേരും പരസ്പരം നോക്കി. തല്‍ക്കാലം പതിനഞ്ചുപേരെ മാത്രമേ സിംഹം തിന്നൂ.ആ പതിനഞ്ചിനെ സിംഹം എങ്ങനെ തെരഞ്ഞെടുക്കുമെ
ന്നാണ് അറിയേണ്ടത്. സംഘത്തില്‍ പാതി ബ്രാഹ്മണരും ബാക്കി ശൂദ്രരുമാണുള്ളത്. സിംഹത്തിനുണ്ടോ ചാതുര്‍വര്‍ണ്യവും മറ്റും? ബ്രാഹ്മണരെ ഒഴിവാക്കി ശൂദ്രരെ മുഴുവന്‍ തിന്നോളൂ എന്നിപ്പോള്‍ സിംഹത്തോട് പറയാന്‍ പറ്റുമോ? മൃഗങ്ങള്‍ക്കുപോലുമില്ലാത്ത ഈ വേര്‍തിരിവിന്റെ പേരില്‍, സംഘത്തിലെ മുഴുവന്‍ ബ്രാഹ്മണരേയും ശാപ്പിടാനും മതി!
ഏതായാലും സിംഹം ഒരു ഔദാര്യം കാണിച്ചു
. പതിനഞ്ചുപേരുടെ തെരഞ്ഞെടുപ്പ് അവര്‍ക്കുതന്നെ വിട്ടു.
വിരുതനായ ഒരു ബ്രാഹ്മണന്‍ നിര്‍ദേശംവച്ചു. എല്ലാവരും ഒരു വൃത്താകൃതിയില്‍ നില്‍ക്കുക.ബ്രാഹ്മണനെന്നോ ശൂദ്രനെന്നോ വ്യത്യാസമില്ലാതെ ഇടവിട്ട്. പക്ഷേ, ഒരു ബ്രാഹ്മണന്‍, ഒരു ശൂദ്രന്‍ എന്ന നിലയിലല്ല. പല ക്രമത്തിലായിക്കോട്ടെ.
അയാള്‍ തന്നെ വിന്യാസം പൂര്‍ത്തിയാക്കിയതിനുശേഷം സിംഹത്തോടു പറഞ്ഞു. "എന്നെ ഒന്നാമനായി ഗണിച്ചോളൂ. എന്നില്‍ നിന്നും എണ്ണിത്തുടങ്ങി ഒമ്പതാമത്തെ ആളെ ആദ്യം ഭക്ഷിക്കുക. പിന്നീട് അവിടെ നിന്നും ഒമ്പതാമത്തെ ആളെ, അങ്ങിനെ പതിനഞ്ചാവുമ്പോള്‍ നിര്‍ത്തി, ബാക്കിയുള്ളവരെ വിട്ടയച്ചാലും..."
നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. സിംഹം
ഭോജനം തുടങ്ങി. പതിനഞ്ചുപേരേയും ശാപ്പിട്ടു. ബാക്കിയായവരെ വിട്ടയച്ചു.
വിട്ടയക്കപ്പെട്ടവര്‍ മുഴുവനും ബ്രാഹ്മണരായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഇനി ഇവര്‍ നിന്ന ക്രമം പരിശോധിക്കാം.

ആദ്യം ബ്രാഹ്മണര്‍ പീന്നെ ശൂദ്രര്‍ എന്ന ക്രമത്തില്‍ താഴെ കാണുന്ന എണ്ണപ്രകാരമാണ് അവര്‍ നിന്നത്.
4 5 2 1 3 1 1 2 2 3 1 2 2 1
ഇങ്ങനെയുള്ള എണ്ണപ്രകാരം വൃത്താകൃതിയില്‍ നിരന്നു
നിന്നാല്‍ ഒമ്പതാമന്‍മാരെല്ലാം ഒരേ ജാതിക്കാരായി വരും!
ഗണിതത്തിലെ ഏറെ പ്രശസ്തമായ 'കടപയാദി' എന്ന അക്ഷരസംഖ്യാരീതിയുപയോഗിച്ച് "ഭീമ പ്രിയ ലോക പരസ്ത്രീലോകരഖായാം" എന്ന വരികളിലൂടെ ഈ സംഖ്യകള്‍ ഓര്‍ത്തുവെയ്ക്കാം.
ഇനി 'കടപയാദി' പ്രകാരം അക്ഷരങ്ങളെ സൂചിപ്പിക്കുന്ന സംഖ്യാപട്ടിക അറിയണ്ടേ?


(സ്വരാക്ഷരങ്ങള്‍ക്കെല്ലാം പൂജ്യമാണെന്നോര്‍ക്കണേ.....
'പ്രി' എന്നതിന് പ്+ര+ഇ എന്നുമാണ് സ്വീകരിക്കേണ്ടത് )

കഥ ഇഷ്ടമായോ?
അഭിപ്രായങ്ങള്‍ കമന്റുചെയ്യുക.

blog comments powered by Disqus