നാല്‍പ്പതിനായിരത്തിന്റെ സമ്മാനം !

>> Wednesday, September 23, 2009


ബ്ലോഗിലേക്ക് ഒരു അധ്യാപകനയച്ച ഗണിതപ്രശ്നത്തിന് മറുപടി കണ്ടെത്താന്‍ രണ്ടു നാള്‍ മുമ്പൊരു രാത്രിയോടാണ് മല്ലിടേണ്ടി വന്നത്. ഘടികാരമണികള്‍ സമയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ മണിയടികളുടെ എണ്ണം ആദ്യമൊക്കെ കൂട്ടിക്കൂട്ടി വന്നെങ്കിലും അനുസരക്കേടില്‍ പരിഭവപ്പെട്ട് പേരിനൊന്നു മുട്ടാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ഗണിതചോദ്യത്തെ തല്‍ക്കാലം ജയിക്കാനനുവദിച്ച് ഉപധാനത്തോട് പരാതിപറയാനൊരുങ്ങി. കലക്കവെള്ളത്തില്‍ നിന്ന് കരണ്ടുണ്ടാക്കുന്നതിനാലാണ് ബള്‍ബിന് തെളിച്ചമില്ലാത്തത് എന്ന സര്‍ദാര്‍ജി വാങ്മൊഴി ആവര്‍ത്തിച്ചു കൊണ്ട് വൈദ്യുതവീജനം തന്റെ ഭ്രമണമാരംഭിച്ചു. ഒടുവിലെപ്പോഴോ നീശാരത്തിനുള്ളിലെ സ്വാതന്ത്യത്തില്‍ നിദ്രാദേവിയുടെ അനുഗ്രഹവര്‍ഷത്തോടെ അജ്ഞാതലോകത്തേക്കൊരു താല്‍ക്കാലികയാത്ര...


ഇതെല്ലാമായിരിക്കണം പകലോന്റെ എഴുന്നുള്ളത്തിന് കുരവയിടാനെന്ന വണ്ണമുള്ള കിളികളുടെ കളകളാരവം കേള്‍ക്കാന്‍ ഇന്നലെയെന്തോ സാധിക്കാതെ പോയത്. തലേന്ന് രാത്രിയിലെ ഏറെ നേരത്തെ യുദ്ധം അത്രയേറെയെന്നെ ക്ഷീണിതനാക്കിയിരുന്നുവെന്ന് ചുരുക്കം. ഇന്നലെ കിളിമൊഴികള്‍ കേട്ടുണരാനായില്ലെങ്കിലും മൊബൈലിലെ കിളിനാദം ആ പരാതിയും തീര്‍ത്തു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ മോളിടീച്ചറാണ് മറുതലയ്ക്കല്‍. ഗണിതകോഴ്സുകളെ രസകരമാക്കി മാറ്റുന്നതില്‍ ഒരു പങ്കു വഹിക്കുന്ന സരളവും സരസവുമായ അവതരണ ശൈലിയ്ക്ക് ഉടമയായ ടീച്ചര്‍ തക്കതായ എന്തെങ്കിലും കാര്യമില്ലാതെ വിളിക്കാന്‍ സാധ്യതയില്ല. ആകാംക്ഷയോടെയാണ് മൊബൈലിന്റെ പച്ചബട്ടണില്‍ വിരലമര്‍ത്തിയത്. തന്റെ സ്വതസിദ്ധമായ വൈപ്പിന്‍ ശൈലിയില്‍ മോളിടീച്ചര്‍ തന്നെ തുടങ്ങി. ഗണിതശാസ്ത്രം അധ്യാപകസഹായിയില്‍ ഡാറ്റാ എന്‍ട്രിയില്‍ സംഭവിച്ച ഒരു പിഴവായിരിക്കണം എന്ന മുഖവുരയോടെ....


"എട്ടാം ക്ലാസിലെ ഗണിതശാസ്ത്രം അധ്യാപകസഹായിയില്‍ ഒരു ചെറിയ അക്ഷരപ്പിശാചിനെ കണ്ടു കേട്ടാ. ഇക്കാര്യമൊന്ന് പറയാമെന്നു വിചാരിച്ചാണ് വിളിച്ചത്. നിങ്ങടെ നാട്ടില്‍ നേരം വെളുക്കാനായില്ലെന്ന് മറന്നു പോയി. "


സരസമായ ശൈലിയില്‍ തുടര്‍ന്ന് ആഞ്ഞടിച്ച മോളിടീച്ചര്‍ ഒടുവില്‍ വിഷയത്തിലേക്കു കടന്നു.


"അഞ്ചാം പാഠം ബീജഗണിതത്തിലെ തുകയും വ്യത്യാസവും എന്ന ഭാഗത്ത് നല്‍കിയിരിക്കുന്ന പട്ടികയിലെ ബി വിഭാഗത്തിലാണ് തെറ്റ്. അവിടെ എ പട്ടികയില്‍
20x4 എന്നതിന് നേരെ ബി പട്ടികയില്‍ നല്‍കിയിരിക്കുന്നത് 182-72 എന്നാണ്. പക്ഷെ അവിടെ വേണ്ടത് 182-72 എന്നാണ്. ബി ഭാഗത്തെ എട്ടു വരികളിലും ഇതേ പോലെ പിശക് സംഭവിച്ചിട്ടുണ്ട്. ഇതൊന്ന് ബ്ലോഗില്‍ സൂചിപ്പിച്ചോളൂ."


മുകളില്‍ സൂചിപ്പിച്ചത് ബ്ലോഗ് ടീമിലെ അംഗങ്ങള്‍​ക്കോരോരുത്തര്‍ക്കും ചിരപരിചിതമായ ഒരു സംഭവം മാത്രം. പിശകുകളും സംശയങ്ങളുമെല്ലാമായി ധാരാളം മെയിലുകളും ഫോണ്‍കോളുകളും ഞങ്ങള്‍ക്ക് വരാറുണ്ട്. പ്രസ്തുത സംഭവം തന്നെ ഇവിടെ പരാമര്‍ശിച്ചത് ഇന്നലത്തേതും ഏറ്റവും പുതിയതുമായ ഒരു സംഭവമായതുകൊണ്ടാണെന്നു സാരം. ഇത്തരത്തില്‍ കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ തങ്ങളുടെ ചിന്തകളും കണ്ടെത്തലുകളും പങ്കുവെക്കാനുള്ള ഒരു വേദിയൊരുക്കാനായതില്‍ മാത്​സ് ബ്ലോഗ് ടീമിന് സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ ഇങ്ങനെയൊരവസരം നമുക്കുണ്ടായിരുന്നോ? നാളിതു വരെ നമ്മുടെ സംശയനിവാരണത്തിനും അറിവിന്റെ വിനിമയങ്ങള്‍ക്കും ഒരു പരിധി ഉണ്ടായിരുന്നു. ഇന്നൊരു സംശയമോ ചോദ്യമോ ബ്ലോഗിലിട്ടാല്‍ മറുപടി നല്‍കാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നമുക്കുള്ളത് അങ്ങ് കാസര്‍കോട് കാലിച്ചാനടുക്കം മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെയുള്ള സ്ക്കൂളുകളിലെ അധ്യാപകരാണ്. ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശേഷിയുള്ള ഒരു സമൂഹം ഇന്ന് നമുക്കൊപ്പമുണ്ട്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നമ്മുടെ ബ്ലോഗ് ഹിറ്റുകള്‍ നാല്‍പ്പതിനായിരം എത്തിയത് നിങ്ങളും കൂടി കണ്ടു കൊണ്ടിരിക്കുന്നതാണല്ലോ. നമ്മുടെ ബ്ലോഗിന്റെ വലതുവശത്ത് ഏറ്റവും മുകളിലുള്ള ആ സംഖ്യ നിങ്ങളും ശ്രദ്ധിക്കുന്നുണ്ടാവുമെന്നറിയാം. അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ ബ്ലോഗിനു പ്രചാരത്തിന്റെ സുപ്രധാനപങ്ക് നിത്യസന്ദര്‍ശകരായ നിങ്ങള്‍​ക്കോരോരുത്തര്‍ക്കുമാണെന്ന് നിസ്സംശയം ഞങ്ങള്‍ സമ്മതിക്കുന്നു.


ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ തിരഞ്ഞു വരുന്നവര്‍ മാത്രമല്ല നമ്മുടെ അനുവാചകര്‍... ഭാഷാപരമായ വൈകല്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടിത്തരാന്‍ കഴിവുള്ള മലയാളത്തിലെ പ്രമുഖരായ ബ്ലോഗെഴുത്തുകാര്‍ നമുക്കൊപ്പമുള്ളതും ഒരു ശക്തിയാണ്. മികച്ച ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നവരും വിമര്‍ശനാത്മകവായനയോടെ നമ്മുടെ ബ്ലോഗിനെ സമീപിക്കുന്നവരുമായ ഉമേഷ്, സത്യാന്വേഷി, സ്വതന്ത്രന്‍, വിനീതന്‍ എന്നിവരെയും ഞങ്ങള്‍ ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.


ബ്ലോഗ് ഹിറ്റുകള്‍ അന്‍പതിനായിരത്തിലെത്തുമ്പോഴേക്കും പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ ബ്ലോഗു് നിങ്ങളുടെ മുന്നിലെത്തും. അതിനുള്ള പണിപ്പുരയിലാണ് ഞങ്ങളുടെ ടീം. ഈ അവസരത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്? ഏതെല്ലാം പുതിയ പംക്തികള്‍ വേണം എന്നു തുടങ്ങി ബ്ലോഗിന്റെ രൂപത്തിലുള്ള നിറം,ഫോണ്ടുകളുടെ നിറം തുടങ്ങിയവയെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. (mail id: mathsekm@gmail.com) അധികം വൈകാതെ തന്നെ ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകരെ ഉള്‍​പ്പെടുത്തി ബ്ലോഗ് ടീം വിപുലീകരണവും വിഷയഭേദമെന്യേ എല്ലാ വിദ്യാഭ്യാസജില്ലകളില്‍ നിന്നുമായി ഓരോ അധ്യാപകരെ ഉള്‍​പ്പെടുത്തി ഒരു ബ്ലോഗ് സപ്പോര്‍ട്ടിങ് ടീം രൂപീകരിക്കലും ഞങ്ങളുടെ അടുത്ത പദ്ധതിയാണ്. സഹകരിക്കാന്‍ സന്നദ്ധരായവര്‍ മുകളില്‍ സൂചിപ്പിച്ച വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. എന്നത്തേയും പോലെ ഞങ്ങളാവര്‍ത്തിക്കുന്നു. ഏതെങ്കിലും ഒരു കൊടിക്കീഴില്‍ അധ്യാപകരെ അണിനിരത്തലല്ല നമ്മുടെ ഉദ്ദേശ്യം. ആര്‍​ക്കെങ്കിലുമെതിരെ സമരാഹ്വാനം നടത്തലല്ല നമ്മുടെ അജണ്ട. ഉദ്യോഗസ്ഥസമൂഹത്തില്‍ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് നമ്മള്‍ അധ്യാപകര്‍. നമ്മുടെ കൂട്ടായ്മ ഉറപ്പുവരുത്തല്‍ തന്നെ പ്രധാന ലക്ഷ്യം. ഒപ്പം നമ്മുടെ വിഷയത്തില്‍ കഴിയും വിധം ഒരു പിന്തുണ. ബ്ലോഗ് ഹിറ്റുകള്‍ നോക്കിപ്പറയൂ... അതില്‍ നമ്മള്‍ വിജയിച്ചിട്ടില്ലേ?


നാല്‍പ്പതിനായിരം ബ്ലോഗ് ഹിറ്റുകള്‍ പിന്നിട്ടതിന്റെ സന്തോഷം പങ്കു വെക്കാന്‍ ഇതാ ഒരു സോഫ്റ്റ്​വെയര്‍ പിയാനോ. ഇത് വിന്റോസില്‍ മാത്രമേ വര്‍ക്കു ചെയ്യുകയുള്ളു. ഇത്തരമൊരു പിയാനോ ലിനക്സില്‍ ചെയ്തെടുക്കുന്നതിന് നമ്മുടെ ലിനക്സ് സപ്പോര്‍ട്ടിങ് ടീം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കാത്തിരിക്കുക..


Click here to download the "Play it" Piano

blog comments powered by Disqus