ട്വിറ്റര്‍ Twitter
>> Saturday, September 26, 2009
കേന്ദ്രമന്ത്രിയായ ശശി തരൂരിന്റെ ഏറെ വിവാദമായ 'കന്നുകാലി' പരാമര്‍ശത്തോടെയാണ് 'ട്വിറ്റര്‍' ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. എന്താണ് ട്വിറ്റര്‍ എന്നും അതിന്റെ ഉപയോഗമെന്തെന്നും, വിശദീകരിച്ച് പോസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് നാദാപുരത്തെ മുസ്തഫ സാറടക്കമുള്ള ഏതാനും പേര്‍ ആവശ്യപ്പെടുകയുണ്ടായി. ഗഹനമായ ഗണിതവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന മറ്റ് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ച ഒരല്പം ലഘുവായ ഒരൈറ്റം ആയിക്കോട്ടെ, അല്ലേ?
കിളികളുണ്ടാക്കുന്ന കുറുകലുകളെയാണ് ‘ട്വിറ്റര്‍’ എന്ന ഇംഗ്ലീഷ് പദം ധ്വനിപ്പിക്കുന്നത്. ബ്ലോഗിംഗിന്റെ ലോകത്ത് മറ്റൊരു വിസ്മയമായിരിക്കുകയാണ് ഇന്ന് ഈ പദം.
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ 2006 ല്‍ സ്ഥാപിതമായ ഒരു സോഷ്യല്‍ നെറ്റ്വര്ക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റാണ് 'ട്വിറ്റര്‍'. ജാക് ഡോര്‍സി (ചെയര്‍മാന്‍), ഇവാന്‍ വില്ല്യംസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍), ബിസ് സ്റ്റോണ്‍ (ക്രിയേറ്റീവ് ഡയറക്റ്റര്‍) എന്നിവര്‍ ചേര്‍ന്നാണ് ഇത് തുടങ്ങിയത്. 29 തൊഴിലാളികള്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് http://twitter.com/ എന്നാണ്.
ട്വിറ്ററിന്റെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന ചെറിയ സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റു ഉപയോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കുന്നതിനും സാധിക്കുന്നു. ഇതില്‍ നാം ഉപയോഗിക്കുന്ന പരമാവധി 140 അക്ഷരങ്ങള്‍ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു. മൊബൈല്‍ ഫോണ്‍ വഴിയും ട്വിറ്റര്‍ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനു സാധിക്കും.
നമ്മള്‍ പിന്തുടരുന്നവരെ followers എന്നും നമ്മെ പിന്തുടരുന്നവരെ following എന്നും പറയുന്നു. നാം എന്തെങ്കിലും അപ്ഡേറ്റ് ചെയ്താല്‍ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം കാണാവുന്നതാണ്.(കുറച്ചു പേരോടു മാത്രം ട്വീറ്റ് ചെയ്യുവാനാണ് താത്പര്യമെങ്കില്‍ അതിനുള്ള സാധ്യതയും ട്വിറ്ററില്‍ ലഭ്യമാണ്.)
ഇന്ന് ട്വിറ്റര്‍ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന വെബ് സൈറ്റുകളില്‍ ഒന്നാണ്. 1382% ആണ് ഇതിന്റെ വളര്‍ച്ച നിരക്ക് .ഇപ്പോള്‍ സോഷ്യല്‍ നെററ്വര്ക്കിംഗ് സൈറ്റുകളില്‍ 'ഫേസ്ബുക്കി'നും 'മൈസ്പേസി'നും ശേഷം മൂന്നാമനാണ് ട്വിറ്റര്‍ . സമീപ ഭാവിയില്‍ തന്നെ ട്വിറ്റര്‍ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെററ്വര്ക്കിംഗ് സൈറ്റ് ആയ ഫേസ്‌ബുക്കിനെ മറികടക്കും.അതുകൊണ്ടുതന്നെയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ , ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും.
2006 -ല്‍ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. cnnbkr എന്ന സിഎന്‍എന്‍ ചാനലിന്റെ ട്വിറ്റര്‍ അക്കൌണ്ട് ആണ് ഇന്ന് ട്വിറ്ററിലെ ഏറ്റവും അധികം followers ഉള്ള അക്കൌണ്ട്. മറ്റു പല സ്ഥാപനങ്ങളും ഇപ്പോള്‍ ട്വിറ്റര്‍ സേവനങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു . 2008 നവംബര്‍ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് പല പ്രധാന വാര്‍ത്തകളും ജനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഇത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
നമ്മുടെ ബ്ലോഗിന്റെ ട്വിറ്റര്‍ അക്കൌണ്ട് www.twitter.com/mathsblog എന്നാണ്. ഐ.ടി സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത്, പള്ളിയറ ശ്രീധരന്‍ സാര്‍ തൂടങ്ങിയ പ്രമുഖര്‍ ഇപ്പോള്‍തന്നെ ട്വിറ്ററില്‍ നമ്മുടെ followers ആണ്. നിങ്ങളും ഉടന്‍ തന്നെ follow ചെയ്യില്ലേ?