>> Sunday, July 12, 2009



ഹയര്‍സെക്കന്ററി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളും കോംബിനേഷനും മാറാന്‍ അവസരം...!

ഏകജാലകരീതിയിലൂടെ സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സ്ക്കൂള്‍ മാറുന്നതിനും കോംബിനേഷന്‍ മാറുന്നതിനും അവസരം. ജൂലൈ 16 ന് 5 മണിവരെ അപേക്ഷ നല്‍കേണ്ടത്.ഓരോ സ്ക്കൂളിലുമുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ജൂലൈ 14 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് പ്രസിദ്ധീകരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടിയ സ്ക്കൂളില്‍ തന്നെ മറ്റൊരു കോംബിനേഷനിലേക്കോ, മറ്റൊരു സ്ക്കൂളിലെ അതേ കോംബിനേഷനിലേക്കോ, മറ്റൊരു സ്ക്കൂളിലെ മറ്റൊരു കോംബിനേഷനിലേക്കോ അപേക്ഷ നല്‍കാം. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രവേശനം ലഭിച്ച സ്ക്കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാറ്റം ആവശ്യപ്പെടുന്ന സ്ക്കൂളോ കോംബിനേഷനോ വിദ്യാര്‍ത്ഥി പ്രവേശനത്തിനായി ആദ്യം സമര്‍പ്പിച്ച അപേക്ഷയില്‍ ഓപ്ഷനായി നല്‍കിയിരിക്കണമെന്നില്ല. സ്ക്കൂള്‍ മാറ്റം അതേ ജില്ലയിലെ മറ്റൊരു സ്ക്കൂളിലേക്ക് മാത്രമേ അനുവദിക്കൂ. ഒന്നിലധികം സ്ക്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിനായി ഓപ്ഷന്‍ നല്‍കാവുന്നതാണ്. മുന്‍ഗണനാക്രമത്തിലാണ് ഓപ്ഷന്‍ നല്‍കേണ്ടത്. മാറ്റം ലഭിച്ചാല്‍ പ്രവേശനം നേടാന്‍ താല്പര്യമുള്ള സ്ക്കൂളുകളും കോംബിനേഷനുകളും മാത്രം വിദ്യാര്‍ത്ഥികള്‍ ഓപ്ഷനായി നല്‍കുക. സ്ക്കൂള്‍ മാറ്റം ലഭിച്ചാല്‍ വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പുതിയ സ്ക്കൂളിലേക്ക് മാറണം. സ്ക്കൂള്‍ മാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ സ്ക്കൂള്‍ അധികൃതരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളുടെ വിശദാംശങ്ങള്‍ സ്ക്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടാകും.


ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സേ പരീക്ഷ പാസ്സായവരുള്‍പ്പടെയുള്ള ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്മെന്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫാറവും സപ്ലിമെന്ററി അലോട്മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളും പിന്നീടായിരിക്കും പ്രസിദ്ധീകരിക്കപ്പെടുക. സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കി ഈ അപേക്ഷകര്‍ക്ക് അലോട്മെന്റ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള വെബ്സൈറ്റ് കാണുക

Circular:Supplementary Lists

Circular:School Transfer
Differently Abled: Re-Allotment List

blog comments powered by Disqus