സൂര്യഗ്രഹണം ബുധനാഴ്ച രാവിലെ

>> Sunday, July 19, 2009


സൂര്യഗ്രഹണം എന്ന വാക്കിന്റെ അര്‍ത്ഥം 'സൂര്യനെ വിഴുങ്ങുക' എന്നാണ്. ചന്ദ്രന്‍ സൂര്യനെ വിഴുങ്ങുന്നുവെന്നാണ് കാവ്യഭാവന. സൂര്യനില്‍ നിന്നുള്ള പ്രകാശം ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്നതാണ് നിലാവെളിച്ചം എന്ന് നമുക്കേവര്‍ക്കും അറിയാം. ചന്ദ്രന്‍ സൂര്യന്റെയും ഭൂമിയുടെയും മധ്യത്തില്‍ വന്നാല്‍ സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി ഭൂമിയിലേക്ക് യാതൊരു കാരണവശാലും പ്രതിഫലിപ്പിക്കപ്പെടുകയില്ലല്ലോ. ഒരു വിളക്കും (സൂര്യന്‍) കണ്ണാടിയും (ചന്ദ്രന്‍) ബോളും (ഭൂമി) മനസ്സില്‍ സങ്കല്‍പ്പിച്ചോളൂ. ചന്ദ്രന്റെ സ്ഥാനം മധ്യത്തിലാണെങ്കിലോ? സമയം സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിപ്പിക്കപ്പെടുന്നത് ചന്ദ്രന്‍ തടുക്കുകയും ചെയ്യുന്നു. ചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ചിലഭാഗങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് ചന്ദ്രന്റെ നിഴല്‍ മൂലം സൂര്യനെ കാണാന്‍ കഴിയാതെ വരും. അപ്പോള്‍ ഒരര്‍ത്ഥത്തില്‍ ചന്ദ്രന്‍ സൂര്യനെ വിഴുങ്ങുകയല്ലേ ചെയ്യുന്നത്. ഇതാണ് കറുത്തവാവ് ദിവസം തന്നെ സൂര്യഗ്രഹണം നടക്കാന്‍ കാരണം. എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല. അതു കൊണ്ട് തന്നെ ചന്ദ്രന് സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതിരിക്കത്തക്കവണ്ണം മധ്യത്തില്‍ വരാനാവുകയുമില്ല. സമയം സൂര്യനു മുന്നില്‍പ്പെടുന്ന ചന്ദ്രന്റെ നിഴലുകള്‍ ശൂന്യാകാശത്തായിരിക്കും വീഴുക.

2009
ജൂലൈ മാസം 22 ബുധനാഴ്ച രാവിലെ അഞ്ചര മുതല്‍ ഏതാണ്ട് ഏഴേകാല്‍ വരെയുള്ള സമയത്ത് സൂര്യഗ്രഹണം നടക്കുകയാണ്. ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല. ഇന്‍ഡ്യയില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, പാറ്റ്ന എന്നിവടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്. മാത്രമല്ല കേരളത്തിലെ സൂര്യോദയം ആറേകാലോടെയാണെന്നതിനാല്‍ ആരംഭം മുതല്‍ നമുക്കീ സൂര്യഗ്രഹണം കാണാനുമാവില്ല. നമുക്ക് സൂര്യഗ്രഹണം ദര്‍ശിക്കാനാകുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ പകുതിയോളം മറച്ചിരിക്കും. പിന്നീട് ഗ്രഹണം കുറഞ്ഞുവരും. ചന്ദ്രന്‍ സൂര്യന് മുന്നിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പരമാവധി പത്തുമിനിറ്റില്‍ താഴെ മാത്രമേ പൂര്‍ണ സൂര്യഗ്രഹണം നീണ്ടു നില്‍ക്കുകയുള്ളു. ഗ്രഹണ സമയം, സൂര്യനെ പൂര്‍ണമായും ചന്ദ്രന്‍ മറക്കുമ്പോള്‍ ഭൂമിയുടെ ഒരു ഭാഗത്തു് പൂര്‍ണ്ണമായും ചന്ദ്രന്റെ നിഴല്‍ വീഴുകയും അതു വഴി ഇരുട്ടു പരക്കുകയും ചെയ്യും. ഇതാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം. പിന്നെ സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നു കാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക. കേരളത്തിലെ നിലവിലെ കാലാവസ്ഥ അനുസരിച്ച് ആകാശം കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ ഗ്രഹണസൂര്യനെ കാണാനായി എക്സറേ ഫിലിമുകളും സണ്‍ഫില്‍ട്ടര്‍ പേപ്പറുമായിരിക്കുന്നവരൊട്ടാകെ ആശങ്കാകുലരാണ്.

നിങ്ങള്‍ക്ക് രസകരമായ ഒരു കാര്യം അറിയണോ? 1995 ഒക്ടോബര്‍ 24 ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണമുണ്ടായപ്പോള്‍ സാക്ഷരകേരളത്തിലെ പല പ്രദേശത്തും ജനങ്ങള്‍ ജനലുകളും വാതിലുകളും കൊട്ടിയടച്ച് വീടിനുള്ളിലിരുന്നു. അതേ സമയം വടക്കേ ഇന്‍ഡ്യയില്‍ ഗ്രാമവാസികള്‍ പോലും ശാസ്ത്രജ്ഞരുടെ സഹായത്തോടെ സോളാര്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കണ്ടു. പ്രബുദ്ധ കേരളത്തില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൂടാ. എന്നാല്‍ എക്സറേ ഫിലിമുകളോ സണ്‍ഫില്‍ട്ടറുകളോ ഉപയോഗിക്കാതെ സമയത്ത് യാതൊരു കാരണവശാലും ഗ്രഹണം വീക്ഷിക്കാന്‍ പാടില്ല കേട്ടോ. നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ. 1980 ഫെബ്രുവരി മാസത്തിലെ ഒരു സമ്പൂര്‍ണ്ണ സൂര്യഗ്രഹണദിവസം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ ഉച്ചക്കു ശേഷമുള്ള സെഷന്‍ പോലും മാറ്റിവെച്ചിരുന്നു. കാണികള്‍ സൂര്യനെ നോക്കിയാലോ എന്നു ഭയന്നായിരുന്നു അത്।

കുട്ടികളെ കാണിക്കുന്നതിനു വേണ്ടിയുള്ള സൂര്യഗ്രഹണത്തിന്റെ പവര്‍ പോയിന്റ്/ഇംപ്രസ് പ്രസന്റേഷന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

blog comments powered by Disqus