ഐ.ടി അറ്റ് സ്ക്കൂള്‍ ഗ്നു/ലിനക്സിന്റെ പുതിയ വേര്‍ഷനായ 3.8.1 സ്ക്കൂളുകളിലേക്ക്

>> Sunday, August 9, 2009

ഐടി മേഖലയിലെ വിപ്ലവം പ്രവചനാതീതമാണ്. പ്രപഞ്ചത്തിലെ സകലതും മാറിക്കൊണ്ടിരിക്കുന്നുവെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നും ഒരു മഹദ്​വചനം നമുക്കേവര്‍ക്കും പരിചിതമാണ്. അതെത്ര അര്‍ത്ഥസമ്പുഷ്ടം...! വാച്ചുകള്‍, കാറുകള്‍, ഫാഷനുകള്‍ അങ്ങനെ എല്ലാം മാറുകയാണ്..... പഴയ വിദ്യാര്‍ത്ഥിയും പുതിയ വിദ്യാര്‍ത്ഥിയും തമ്മിലുള്ള അന്തരം പോലും നിസ്സാരമല്ലല്ലോ... പണ്ട് കുട്ടി അദ്ധ്യാപകനെ പേടിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സ്ഥിതിയെന്താണ്? ഗണിതശാസ്ത്രത്തിലെ കോണുകള്‍ക്ക് ചരിവ് എന്നും തിരിവ് എന്നും പിരിവ് എന്നുമെല്ലാം പേര് ഉണ്ടായിരുന്നത് നമുക്ക് പരിചിതമായ മാറ്റങ്ങളാണ്. കോണിന് മൂല എന്നുകൂടി ഇപ്പോള്‍ പ്രതിപാദിക്കപ്പെടുന്നതും നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

Debian Lenny Screen shot & Theimo Sefuer
ഐ.ടി മേഖലയിലെ മാറ്റം അനിവാര്യമാണെന്നുള്ളതില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്ലല്ലോ. അതിന്റെ ഭാഗമായി തന്നെയാണ് ഐ.ടി അറ്റ് സ്ക്കൂള്‍ ഗ്നു/ലിനക്സിന്റെ പുതിയ വേര്‍ഷനായ 3.8.1 സ്ക്കൂളുകളിലേക്ക് എത്തുന്നത്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഡെബിയന്‍ 5.0 – ലെനി (Lenny) യെ സ്ക്കൂള്‍ കമ്പ്യൂട്ടറുകളിലേക്ക് സന്നിവേശിപ്പിക്കുന്നത്. ഡെബിയന്‍ പ്രൊജക്ടിന്റെ സജീവ പ്രവര്‍ത്തകനായിരുനന തീമോ സെഫറിനാണ് (Thiemo Seufer) ലെനി സമര്‍പ്പിച്ചിരിക്കുന്നത്. 2008 ഡിസംബര്‍ 26 ന് അദ്ദേഹം ഒരു കാറപകടത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. ഡെബിയന്‍ പ്രൊജക്ടിലെ നിരവധി പാക്കേജുകള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. കെര്‍ണല്‍ ടീമിലും ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ടീമിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ചെറുതൊന്നുമായിരുന്നില്ലെന്ന് ഡെബിയന്‍ പ്രൊജക്ട് പ്രവര്‍ത്തകര്‍ വേദനയോടെ ഓര്‍മ്മിക്കുന്നു. നമുക്കു ലഭിക്കുന്ന സി.ഡി യില്‍ അതിനെക്കുറിച്ചുള്ള വേദനാ നിര്‍ഭരമായ വിവിധ ഭാഷകളിലുള്ള Dedication Text കാണാന്‍ കഴിയും.

അഞ്ച് ഡി.വി.ഡി കളിലായി പുറത്തിറങ്ങിയ ലെനിയില്‍ 25113 സോഫ്റ്റ്​വെയറുകളാണുള്ളത്. അതില്‍ നിന്നും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു അത്യാവശ്യം വേണ്ട പ്രോഗ്രാമുകള്‍ കസ്റ്റമൈസ് ചെയ്താണ് 2.6 GB സൈസ് ഉള്ള ഡി.വി.ഡി പുറത്തിറക്കിയിരിക്കുന്നത്. ജിമ്പിന്റെ (Gnu Image Manipulation Program) പുതിയ വേര്‍ഷനായ 2.4.7, ഓപ്പണ്‍ ഓഫീസിന്റെ പുതിയ വേര്‍ഷനായ 2.4, കെര്‍ണല്‍ വേര്‍ഷന്‍ 2.6.26.1.386 എന്നിങ്ങനെയുള്ള പുത്തനുണര്‍വുകളുമായാണ് ഐടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.8.1 എത്തുന്നത്.

എന്നാല്‍ എന്നായിരിക്കും സ്ക്കൂളുകളിലേക്ക് ഈ ഡിവിഡി എത്തുക എന്നു തീരുമാനിക്കുന്നത് പൂര്‍ണമായും ഐ.ടി@സ്ക്കൂളായിരിക്കും. മിക്കവാറും ഈ വര്‍ഷവും ലിനക്സ് 3.0 ല്‍ തന്നെയാകും പരീക്ഷ നടക്കുക. എന്തായാലും പുരോഗമനത്തിന്റെ കാലടികള്‍ക്കായി നമുക്കവര്‍ക്കും കാത്തിരിക്കാം.......

blog comments powered by Disqus