ഗണിതശാസ്ത്ര ഒളിമ്പ്യാഡിനെപ്പറ്റി അറിയാന്‍

>> Wednesday, August 12, 2009







ന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു ഗണിതാഭിരുചി പരീക്ഷയാണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത്. ഇന്ത്യ യില്‍ 1988 മുതല്‍ എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാതമാററിക്സ് (NBHM)ആണ്

മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്



ഒന്നാം ഘട്ടം (Regional Mathematical Olympiad)

സാധാരണയായി ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 18 കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു.

കഴിഞ്ഞവര്‍ഷം നവമ്പര്‍ 9 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, അടുര്‍,ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇരിഞ്ഞാലക്കുട, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ കേന്ദ്രങ്ങളില്‍ നടന്നു.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഏററവും മിടുക്കരായ ചുരുക്കം പത്താം ക്ളാസ്സുകാര്‍ക്കും അപേക്ഷിക്കാം പരീക്ഷയ്ക് പ്രത്യേകിച്ചൊരു സിലബസ് ഇല്ല. സാധാരണയായി ആല്‍ജീബ്ര, ജ്യാമിതി, നമ്പര്‍ തിയറി,...തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉന്നത നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ മികവു പുലര്‍ത്തുന്ന അഞ്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് KSCSTE (Kerala State Council for Science, Technology and Enviornment) നല്കുന്ന2000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. ഇതു കൂടാതെ അവര്‍ക്ക് പ്രൊഫ. സി.എസ്. വെങ്കട്ടരാമന്‍ മെമ്മോറിയല്‍ അവാര്‍ഡും മറ്റ് ആകര്‍ഷകസമ്മാനങ്ങളും ലഭിക്കും. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവര്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പും ലഭിക്കും.

ഈ വര്‍ഷത്തെ RMOനവമ്പര്‍ 22 നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.hbcse.tifr.res.in/olympiads

രണ്ടാംഘട്ടം (Indian Mathematical Olympiad)



ഫെബ്രുവരി മാസം ആണ് നടത്തപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഘട്ടം. ഇതില്‍ ഇന്‍ഡ്യയിലെ എല്ലാ റീജിയണില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കും.



മൂന്നാംഘട്ടം (International Mathematical Olympiad)



ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി മെയ്,ജൂണ്‍ മാസങ്ങളില്‍ ട്രെയിനിംഗ് ക്യാംമ്പ് സംഘടിപ്പിക്കും. അതിനു ശേഷം ജൂലായ് മാസത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 6 അംഗങ്ങളുള്ള ഒരു ടീം ആണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുക്കുക. ഇപ്പോള്‍ ഇതില്‍ 80 ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളില്‍ വെച്ചായിരിക്കും ഈ ഒളിമ്പ്യാഡ് നടക്കുക. 1996 ല്‍ ആണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. 2009 ല്‍ ജര്‍മ്മനിയിലാണ് നടക്കുക.

ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതും പരീക്ഷാര്‍ത്ഥിയുടെ യഥാര്‍ഥ കഴിവുകള്‍ അളക്കുന്നതുമായ ഉന്നത നിലവാരത്തിലുള്ളതുമാണ്. എന്താ ഒരു കൈ നോക്കാന്‍ റെഡിയല്ലേ?

പഴയ ചോദ്യപേപ്പറുകളും കൂടുതല്‍ വിവരങ്ങളും ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കും



വിവരങ്ങള്‍ നല്‍കിയത്...

Dr. A. Vijayakumar

Regional Co-ordinator, INMO

Department of Mathematics

CUSAT

Cochin-22



blog comments powered by Disqus