ഐസക് ന്യൂട്ടണ്‍

>> Wednesday, August 19, 2009



പ്രഗത്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആല്‍കെമിസ്റ്റും ആയിരുന്നു സര്‍ ഐസക് ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 - 1726 മാര്‍ച്ച് 20).ന്യൂട്ടന്‍ 1687-ല്‍ പുറത്തിറക്കിയ ഭൂഗുരുത്വാകര്‍ഷണം, ചലനനിയമങ്ങള്‍ എന്നിവയെ വിശദീകരിക്കുന്ന പ്രിന്‍സിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടര്‍ന്നുള്ള മൂന്നു നൂറ്റാണ്ടുകളില്‍ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങള്‍ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തില്‍ കലനസമ്പ്രദായങ്ങളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കി. 2005-ല്‍ റോയല്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടണ്‍ ആണ്‌.
ജീവചരിത്രം
ജനിക്കുന്നതിന് രണ്ടു മാസം മുന്‍പ് അച്ഛന്‍ മരിച്ചു പോയി. മൂന്നാം വയസ്സില്‍ അമ്മ പുനര്‍വിവാഹം കഴിച്ചു. വലിയമ്മയുടെ സംരക്ഷണത്തില്‍ 12 വയസ്സിലാണ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്.
വിദ്യാഭ്യാസം
ആദ്യമായി ലിങ്കണ്‍ ഷെയറിലെ ഗ്രാമര്‍സ്കൂളില്‍ ചേര്‍ന്ന് പഠിച്ചു. ഗ്രാമര്‍സ്കൂളില്‍ യാന്ത്രികമോഡലുകള്‍ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സണ്‍ ഡയല്‍, വാട്ടര്‍ക്ലോക്ക്, നാല്‍ചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകള്‍ സ്കൂള്‍ പഠനകാലത്ത് ഉണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സില്‍ വീണ്ടും ന്യൂട്ടന് പഠനം നിര്‍ത്തിവയ്കേണ്ടിവന്നു. അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ മരണത്തോടെ അവരുടെ കൃഷിയിടത്തില്‍ പോയി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനായി. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദര്‍ശിച്ച അമ്മാവന്‍ 1660 ല് അതായത് 18 വയസ്സില്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ചേര്‍ത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കാനിടയായി. ഡെസ്കാര്‍ട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തില്‍ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്.

1665-ല് ട്രിനിറ്റി കോളേജില്‍നിന്ന് ബിരുതമെടുത്തു. ഇതേവര്‍ഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയല്‍ തിയറം കണ്ടെത്തിയതും കാല്‍ക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. 1665 ലെ കുപ്രസിദ്ധമായ പ്ലേഗ് മൂലം കോളേജുകളെല്ലാം നിര്‍ത്തിവച്ചപ്പോള്‍ വീണ്ടും ലിങ്കന്‍ഷയറില്‍ അമ്മയുടെ കൃഷിയിടത്തിലേക്ക് തിരിച്ച് പോകേണ്ടിവന്നു. അവിടെവച്ചാണ് ആപ്പിള്‍ താഴേക്ക് വീഴുന്നതിന്റെ ശാസ്തത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.
പരീക്ഷണങ്ങള്‍
ആപ്പിളിനെ താഴേക്ക് വീഴാന്‍ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തില്‍ പിടിച്ച് നിര്‍ത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666 ല് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ നിയമം പ്രഖ്യാപിച്ചു. എന്നാല്‍ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത് ന്യൂട്ടന്റെ കണക്കുകൂട്ടലില്‍നിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാല്‍ ന്യൂട്ടന്‍ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകര്‍ഷണ നിയമം തല്‍ക്കാലം മാറ്റിവച്ചു.
പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങള്‍. നിറങ്ങളെക്കുറിച്ച് ബോയല്‍ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോള്‍ പ്രിസം നിറങ്ങള്‍ ഉല്പാദിപ്പിക്കുന്നതായി ബോയല്‍ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളീലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തില്‍നിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങള്‍ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.
ന്യൂട്ടന്‍ തന്റെ 29 മത്തെ വയസ്സില്‍ കേംബ്രിഡ്ജില്‍ ലൂക്കേഷ്യന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ല്‍ പ്രതിഫലന ടെലസ്കോപ്പ് നിര്‍മിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയര്‍ന്നതോടെ 1672ല്‍ റോയല്‍ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതല്‍ 1676 വരെ റോയല്‍ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ല്‍ പ്രസിദ്ധീകരിച്ച ‘ഓപ്റ്റിക്സ്’ എന്ന പുസ്തകം.
പ്രിന്‍സിപ്പിയ
1680-ഓടെയാണ് പ്രിന്‍സിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവന്‍ പേരും “പ്രിന്‍സിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങള്‍“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാന്‍ കഴിയാത്തതാണ് പ്രിന്‍സിപ്പിയയുടെ ഉള്ളടക്കം.
ന്യൂട്ടന്റെ അവസാനകാലം
1689ല്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റില്‍ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തില്‍നിന്നും രസത്തില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും വര്‍ഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതല്‍ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടന്‍ തന്റെ 85-ആം വയസ്സില്‍; 1727 മാര്‍ച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

blog comments powered by Disqus